കയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം ഒരുകൂട്ടം ഇസ്രേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്നു ഗാസയിലെ ഹമാസ് ഭീകരർ അറിയിച്ചു.
മുന്പത്തെപ്പോലെ മൂന്നു ബന്ദികളായിരിക്കും മോചിതരാവുക എന്നാണ് സൂചന. ഹമാസിന്റെ പ്രസ്താവനയോടെ, ഗാസ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം താത്കാലികമായി നീങ്ങിയെന്നാണ് അനുമാനം. അതേസമയം, ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഗാസ നിവാസികൾക്കു കൂടാരങ്ങളും മറ്റു താമസസൗകര്യങ്ങളും നിഷേധിക്കുന്ന ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിക്കുന്നു എന്നാരോപിച്ച ഹമാസ്, ബന്ദിമോചനം വൈകിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു തിരിച്ചും ഭീഷണി മുഴക്കി.
ഈ സാഹചര്യത്തിൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾ വിജയം കണ്ടുവെന്നാണു ഹമാസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള തർക്കം പരിഹരിക്കുന്നതിൽ മധ്യസ്ഥർ വിജയിച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.
ഇന്ധനം, മരുന്ന്, താത്കാലിക പാർപ്പിടങ്ങൾ, യുദ്ധാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങൾ മുതലായവ ഗാസയിലേക്ക് എത്തിക്കുന്നതിനായി ഈജിപ്തുമായും ഖത്തറുമായും ബന്ധപ്പെടുന്നതായി ഹമാസിന്റെ ഇന്നലത്തെ അറിയിപ്പിൽ പറയുന്നു.