സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: അഞ്ചുവർഷം മുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കൃത്രിമ അവയവകേന്ദ്രം നാളെ വീണ്ടും ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഭിന്നശേഷിക്കാരുടെ സ്വപ്നം സഫലമാകുന്നു. അഞ്ചുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണിത്. ഈ കെട്ടിടത്തിൽ ആഴ്ചയിൽ രണ്ടു ദിവസം മെഡിക്കൽ ബോർഡ് യോഗം ചേരാറുണ്ട്.
മുന്പു നഗരത്തിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്ന സമയത്ത് ഒല്ലൂക്കര പഞ്ചായത്ത് കെട്ടിടത്തിൽ ആയിരുന്ന കൃത്രിമ അവയവകേന്ദ്രത്തിന്റെ ചുമതല മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിനായിരുന്നു. പിന്നീട് മെഡിക്കൽ കോളജ് മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു.
നിരന്തരമായ അഭ്യർഥനകളെ തുടർന്ന് ഫിസിക്കൽ മെഡിസിന്റെ കീഴിൽ കേന്ദ്രത്തെ കൊണ്ടുവന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. കൃത്രിമ അവയവങ്ങൾ നിർമിക്കാനുള്ള യന്ത്രങ്ങൾ എത്താൻ വൈകിയതു പ്രധാന പ്രശ്നമായി.
കിട്ടിയ പല ഉപകരണങ്ങളും ഉപയോഗിക്കാത്തതിനെ തുടർന്ന് തുരന്പെടുത്തു നശിക്കുകയും ചെയ്തു. ഉപകരണങ്ങൾ എത്തിക്കാൻ പലതവണ മെഡിക്കൽ സർവീസ് കോർപറേഷൻ അധികൃതരോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടായില്ല.
മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ഫയലുകൾ നീങ്ങുന്നതിനു വിഘാതമായി. ഇപ്പോൾ അടുത്തിടെ സ്ഥാപനം തുറന്നു ട്രയൽ ആരംഭിച്ചതും ഇപ്പോഴത്തെ ഉദ്ഘാടന മാമാങ്കവും നടത്താൻ കാരണം വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നു കോണ്ഗ്രസ് ആരോപിക്കുന്നു.
മുൻസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സർക്കാർ പൊടിതട്ടിയെടുത്തു അവതരിപ്പിക്കുന്നതെന്നും കോണ്ഗ്രസ് ആരോപിക്കുന്നുണ്ട്. തൃശൂരിനു പുറമെ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ അംഗപരിമിതർക്ക് ചുരുങ്ങിയ ചിലവിൽ കൃത്രിമ കൈകാലുകൾ ഇവിടെ നിന്ന് ലഭ്യമാകും.
ബിപിഎല്ലുകാർക്ക് സൗജന്യ നിരക്കിലും വളരെ നിരക്കു കുറച്ചും കൃത്രിമ അവയവങ്ങൾ നൽകാൻ സാധിക്കും. കഴിഞ്ഞ ദിവസം ട്രയൽറണ്ണിന്റെ ഭാഗമായി രണ്ടുപേർക്ക് ഇവ വെച്ചുപിടിപ്പിച്ചിരുന്നു.