നടി ഹൻസിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ.
പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ ഹൻസികയെ പ്രൊപ്പോസ് ചെയ്യുന്ന സുഹൈലിന്റെ ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. എന്നും എപ്പോഴും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഹൻസികയും സുഹൈലും പങ്കാളികളായിട്ടുള്ള ഇവന്റ് മാനേജ്മെന്റ് കന്പനിയിലെ പരിചയമാണ് ഇരുവരുടെയും പ്രണയത്തിന് മൊട്ടിട്ടത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് വിവാഹം.
ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.
മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്.
ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
അല്ലു അർജുൻ ചിത്രം ദേസമുരുഡുവിൽ നായികയായാണ് ഹൻസിക തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു.
എങ്കെയും കാതൽ, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകൾ. റൗഡി ബേബി, പാർട്ണർ ഉൾപ്പടെ അഞ്ച് സിനിമകളാണ് തമിഴിൽ ഹൻസികയുടേതായി റിലീസിനൊരുങ്ങുന്നത്.