സഞ്ചരിക്കുന്ന സ്വര്‍ണക്കട എന്നു കേട്ടിട്ടില്ലേ…ശരീരമാസകലം സ്വര്‍ണമണിഞ്ഞു നടക്കുന്ന ചിലരെ വിശേഷിപ്പിക്കാനാണ് ഈ പ്രയോഗം സാധാരണ ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ത്ഥി ഹരി നാടാര്‍ ഇത്തരത്തില്‍ ഒരു സഞ്ചരിക്കുന്ന സ്വര്‍ണക്കടയാണ്.
അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഉള്ളത്.
എന്നാല്‍ ഹരി നാടാര്‍ പ്രചരണത്തിനിറങ്ങുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ് തന്നെയാണ്. ഇപ്പോഴിതാ…സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി.
സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുന്നതാണ് ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു.
നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല.
മുമ്പ് നാംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു. ഹരിയെങ്ങാനും ജയിച്ചാല്‍ മണ്ഡലം സ്വര്‍ണം പോലെ തിളങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.