ജീവിതകാലഘട്ടത്തില്‍ ഒരു സമയം പോലും തനിക്കായി ചെലവിടാതെ എന്നും മക്കള്‍ക്കായി ജീവിക്കുകയും ജീവിതാവസാനം വരെ മക്കള്‍ക്കായി സമ്പാദിക്കാന്‍ ശ്രമിക്കുന്നവരുമായ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്.
ഒടുവില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ഈ ജീവിതം തന്നെ ഒരു നഷ്ടക്കച്ചവടമായി തോന്നാം.
അത്തരക്കാര്‍ തീര്‍ച്ചയായും ഹരിയാന സ്വദേശിയായ ഈ മനുഷ്യനെ പരിചയപ്പെടണം. തന്റെ സമ്പാദ്യത്തില്‍നിന്ന് ചില്ലിക്കാശുപോലും മക്കള്‍ക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ചുറച്ച് വിശ്രമ ജീവിതം ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ധരംബീര്‍.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ സമ്പാദ്യങ്ങള്‍ ഒന്നും കുട്ടികളുടെ ഭാവിക്കായി നീക്കിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്കു വേണ്ടത് അവര്‍ സ്വയം കണ്ടെത്തട്ടെ എന്നുമായിരുന്നു വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്.
ഒപ്പം റിട്ടയര്‍മെന്റ് ലൈഫ് സ്വസ്ഥതയോടെയും സമാധാനത്തോടെയും ചെലവഴിക്കാനാണ് സമ്പാദ്യം ഉപയോഗിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ഒരു ആഡംബര സിമ്മിങ് പൂളില്‍ സന്തോഷകരമായി സമയം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ ഷൂട്ട് ചെയ്തത്.
തങ്ങളെത്തന്നെ എങ്ങനെ പോറ്റണമെന്ന് തന്റെ മക്കള്‍ പഠിക്കണമെന്നും, എന്തുകൊണ്ടാണ് അവര്‍ക്ക് സ്വന്തമായി സമ്പന്നരാകാന്‍ കഴിയാത്തതെന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു.
തന്റെ ജീവിതകാലം മുഴുവന്‍ താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ തന്റെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറയുന്നു.
തന്റെ കുട്ടികളും സ്വയം പര്യാപ്തതയുടെ ആനന്ദം അനുഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കണ്ട നിരവധി പേര് ധരംബീറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ ധരംബീറിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇതിനുമുന്‍പും അദ്ദേഹത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.