കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017-ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു.മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്.
പോലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയവേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്.
തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. സമരമുഖത്തെത്തിയ ഹര്‍ഷിനയ്ക്ക് പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. പിന്നീട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തയ്യാറായി.
എന്നാല്‍ ഇത് താന്‍ അനുഭവിച്ച വേദനയ്ക്ക് പകരമല്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തുകയാണ് ഹര്‍ഷിന.