ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്. ഇന്ത്യയിൽ താത്കാലിക അഭയം തേടിയ ഹസീനയെ വിട്ടുനൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യക്ക് നയതന്ത്രക്കുറിപ്പ് കൈമാറി.
വിദ്യാർഥിപ്രക്ഷോഭത്തത്തുടർന്ന് രാജ്യംവിട്ട ഹസീന (77) ഓഗസ്റ്റ് അഞ്ചു മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിചാരണ നടപടികൾക്കായി ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ അറിയിച്ചു. ധാക്കയും ഡൽഹിയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി നിലവിലുണ്ടെന്നും അതിനാൽ ഹസീനയെ കൈമാറുന്നതിനു തടസമില്ലെന്നുമാണു ബംഗ്ലാദേശിന്റെ വാദം.
ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള നയതന്ത്രക്കുറിപ്പ് ലഭിച്ചുവെന്ന് ഇന്ത്യ അറിയിച്ചു. എന്നാൽ, കൂടുതൽ പ്രതികരണം നടത്താൻ അധികൃതർ തയാറായില്ല.