അലഹാബാദ്: ഹാത്രസ് കൂട്ടബലാത്സംഗക്കൊലയിൽ ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷവിമർശനവുമായി അലഹാബാദ് ഹൈക്കോടതി.
ഹാത്രസ് കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയെയും വീട്ടുകാരെ പൂട്ടിയിട്ട്, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം രാത്രി രണ്ടു മണിക്കു സംസ്കരിച്ച നടപടിയെയുമാണു ഹൈക്കോടതി വിമർശിച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണു കേസ് പരിഗണിച്ചത്. പെണ്‍കുട്ടി ഒരു സന്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിൽ ജില്ലാ ഭരണകൂടവും പോലീസും ഇതേമാർഗമാകുമോ അവലംബിക്കുക എന്നാണു കോടതി ചോദിച്ചത്.
പ്രദേശത്തെ ക്രമസമാധാന പ്രശ്നം പരിഗണിച്ചാണു പെണ്‍കുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചതെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദത്തോടായിരുന്നു കോടതിയുടെ ചോദ്യം.
നിങ്ങളുടെ മകളായിരുന്നെങ്കിൽ നിങ്ങൾ ഇപ്രകാരം ചെയ്യുമോ, ഒരു സന്പന്നന്റെ മകളായിരുന്നെങ്കിൽ ഇതായിരിക്കുമോ സമീപനം- കോടതി ചോദിച്ചു.
സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.
യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകയായ സീമ കുശ്വാഹയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും കോടതി ഹർജി പരിഗണിക്കവെ ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിടുകയും മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടിയെ സൂചിപ്പിച്ചായിരുന്നു കോടതിയുടെ പരാമർശം.
മൃതദേഹം പുലർച്ചെ സംസ്കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാർ ഏറ്റെടുത്തു. കേസിലെ നിയമനടപടികൾ യുപിക്കു പുറത്തേക്കു മാറ്റണമെന്നും തങ്ങൾക്കു സുരക്ഷ നൽകണമെന്നും കോടതിയോട് പെണ്‍കുട്ടിയുടെ ബന്ധുക്കൾ അഭ്യർഥിച്ചു.
ഉത്തർപ്രദേശ് പോലീസിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു. നവംബർ രണ്ടിനു കോടതി വീണ്ടും വാദം കേൾക്കും.
സെപ്റ്റംബർ 14ന് താക്കൂർ സമുദായക്കാരനായ നാലു പേർ കൂട്ടബലാത്സംഗം ചെയ്ത് മാരകമായി പരിക്കേൽപ്പിച്ച യുവതി സെപ്റ്റംബർ 29ന് ഡൽഹി സഫ്ദർജംഗിലെ ആശുപത്രിയിലാണ് മരിച്ചത്.