ലക്നോ: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ യമുനഎക്സ്പ്രസ് വേയില്‍ വച്ചാണ് പോലീസ് ഇവരെ തടഞ്ഞത്.
കൂടാതെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടാതെ പോലീസ് വഴി തടഞ്ഞിരിക്കുകയാണ്. വീടിന് ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകൾ പോലീസ് അടച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഇവിടേക്ക് വില ക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം.
പാർട്ടി പ്രവർത്തകർക്കും ഇവിടേക്ക് വിലക്കുണ്ട്. ഇതേ തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നിലവിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും എഡിഎം അറിയിച്ചു.
അതേസമയം, തെളിവ് നശിപ്പിക്കാനാണ് പോലീസിന്റെ ശ്രമമെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് യോഗി സർക്കാരിന്റെ ശ്രമമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട് പോലീസ് സംസ്കരിക്കുകയായിരുന്നു.
സംഭവത്തിൽ യോഗി സർക്കാരിനെതിരേ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.