ലെഗിന്‍സ് ധരിച്ചു വന്നതിന് തന്നോട് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക.
മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്.
രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമില്‍ ചെന്നപ്പോള്‍ ആണ് സംഭവമെന്ന് ഹിന്ദി അധ്യാപികയായ സരിത പറയുന്നു.
ഏതോ കുട്ടി യൂണിഫോം ധരിക്കാഞ്ഞതിന്റെ പഴി പ്രധാന അധ്യാപിക തന്റെ മേല്‍ ചാരുകയായിരുന്നുവെന്നാണ് സരിത പറയുന്നത്.
കുട്ടികള്‍ ഒന്നും യൂണിഫോം ഇടുന്നില്ലെന്നും നിങ്ങളുടെയൊക്കെ വസ്ത്രധാരണം ഇങ്ങനെയായതു കൊണ്ടാണ് അവരൊന്നും യൂണിഫോം ഇടാന്‍ തയ്യാറാവാത്തതെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞുവെന്ന് അധ്യാപിക പറയുന്നു.
മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളില്‍ വന്നിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും ആ സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്നും ടീച്ചര്‍ പറഞ്ഞു.
അധ്യാപകര്‍ക്ക് ജീന്‍സ് ഇട്ട് വരാമെന്നിരിക്കെയാണ് താന്‍ ലെഗിന്‍സ് ധരിച്ചത് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും, ജീന്‍സ് ധരിച്ച് വരുന്നവരെപ്പോലും ഇങ്ങനെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടില്ലെന്നും സരിത ടീച്ചര്‍ പറയുന്നു.
വളരെ മാന്യമായി, നിയമപരമായി ധരിക്കാന്‍ പറ്റുന്ന വസ്ത്രം തന്നെ ആണ് താന്‍ ധരിച്ചതെന്നും തന്റെ സംസ്കാരം വേറെ ആണ് എന്നുള്ള തരത്തില്‍ ഉള്ള പ്രസ്താവനകള്‍ ഒട്ടും അംഗീകരിക്കാന്‍ പറ്റില്ലെന്നും അതിനാലാണ് പ്രോബേഷണില്‍ ഉള്ള ഒരു അധ്യാപിക ആയിട്ടും പരാതി നല്‍കിയതെന്നും സരിത ടീച്ചര്‍ പറയുന്നു.
ഈ സംഭവം തന്നെ മാനസികമായി തളര്‍ത്തിയെന്നും രാവിലെ മുഴുവന്‍ കരഞ്ഞിരിക്കുകയായിരുന്നുവെന്നും സരിത രവീന്ദ്രനാഥ് പറഞ്ഞു.