കോഴിക്കോട്: കോഴിക്കോട്ടെ ഗവ. ജില്ലാ ആശുപത്രിയായ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്കായി എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടെ പീഡിപ്പിച്ചതായാണ് പരാതി.
ആരോഗ്യ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി മഹേന്ദ്രനെതിരേ വെള്ളയിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഒരു മാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. ആരോഗ്യപ്രവർത്തകയാണ് ചികിത്സ നൽകിയിരുന്നത്.
കഴിഞ്ഞദിവസം പെണ്‍കുട്ടി ആശുപത്രിയിൽ എത്തിയപ്പോൾ ആരോഗ്യപ്രവർത്തക മറ്റൊരാൾക്കു ചികിത്സ നൽകുകയായിരുന്നു. തൻമൂലം ഒരു ആരോഗ്യപ്രവർത്തകനാണ് പെണ്‍കുട്ടിയെ ചികിത്സിച്ചത്.
പെണ്‍കുട്ടി പിന്നീട് പീഡനവിവരം ആരോഗ്യപ്രവർത്തകയോടു വെളിപ്പെടുത്തുകയും ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴി ശേഖരിച്ചു.
ആരോഗ്യപ്രവർത്തകൻ അടുത്ത കാലത്താണ് മറ്റൊരു ജില്ലയിൽനിന്നു ബീച്ച് ആശുപത്രിയിലേക്കു സ്ഥലംമാറി എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.