മണ്ണാർക്കാട് : അലനല്ലൂർ അയ്യപ്പൻകാവിൽ നടത്തിയ ഭക്തിഗാനമേളയിൽനിന്നും ലഭിച്ച മുഴുവൻ പ്രതിഫലവും ബാബു ചികിത്സാ സഹായ സമിതിക്കു നൽകി വിഷ്ണു അലനല്ലൂർ.
തന്റെ മാതൃകാ സ്ഥാപനമായ ഡീലിന്റെ പ്രഥമഘട്ട കൈത്താങ്ങും സമിതിക്കു നൽകി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ് ബാബു.
വൃക്ക മാറ്റിവയ്ക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാബു ചികിത്സാ സഹായ സമിതി. ഈ സമിതിക്കാണ് വിഷ്ണു തുക കൈമാറിയത്.
സഹജീവിയോടു സഹാനുഭൂതി കാണിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വിഷ്ണു നാടിനു മാതൃകയാവുകയാണ്.
അയ്യപ്പൻകാവിൽവച്ച് എൻ.ഷംസുദ്ദീൻ എംഎൽഎ സമിതിക്കുവേണ്ടി വിഷ്ണുവിൽനിന്നും തുക ഏറ്റുവാങ്ങി. കോഓർഡിനേഷൻ കമ്മിറ്റിയിലേയും ഉപസമിതിയിലേയും പ്രവർത്തകരും സംബന്ധിച്ചു.
കോവിഡ് സാഹചര്യത്തിലും അയ്യപ്പൻകാവ് താലപ്പൊലി ആഘോഷക്കമ്മിറ്റിയുടെ സഹകരണവും പ്രശംസനീയമായിരുന്നു.
ബാബുവിനെ സഹായിക്കാനായി അയ്യപ്പൻകാവിൽ ഗാനവിരുന്നൊരുക്കിയ വോൾക്കാനോ യുവകൂട്ടായ്മ, ഇശൽ നിലാവ്, നാടിന്റെ അനുഗൃഹീത ഗായകർ, സംഘാടനത്തിന് സഹായിച്ചവർ, കഴിയുന്നത്ര തുക തന്നു സഹായിച്ച സുമനസുകൾ, നാട്ടുകാർ തുടങ്ങിയവർക്കെല്ലാം സമിതി ഭാരവാഹികൾ നന്ദി അറിയിച്ചു.