ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്. മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്.
ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്.
ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.
മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന് സര്‍ക്കാരും ഇതേ രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ രാജസ്ഥാന് സര്‍ക്കാര്‍ സമ്പാദിച്ചെന്നാണ് കണക്ക്.