കോഴിക്കോട് : മിസ് കേരള മത്സര ജേതാക്കളുടെ ദുരൂഹ അപകട മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നമ്പര്‍ 18 എക്സൈസിന്റെ ഹിറ്റ്ലിസ്റ്റില്!
എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിനാണ് ഹോട്ടല്‍ 18 ല്‍ ലഹരി പാര്‍ട്ടി നടക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന് ഏപ്രിലില്‍ പരിശോധനയും നടത്തി. എന്നാല്‍ എക്സൈസ് സ്ക്വാഡ് എത്തുന്നതിന് മുമ്പേ തന്നെ വിവരം ചോര്‍ന്നു ലഭിക്കുകയും പാര്‍ട്ടി അവസാനിപ്പിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
നമ്പര്‍ 18 ഹോട്ടലില്‍ കയറുന്നതിന് മുമ്പ് മറ്റൊരു ഹോട്ടലിലായിരുന്നു സ്ക്വാഡംഗങ്ങള്‍ കയറിയത്. ഇവിടെനിന്ന് എംഡിഎംഎയും മൂന്നുപേരെയും പിടികൂടിയിരുന്നു.
ഈ ഹോട്ടലില്‍ പരിശോധന നടത്തവേ തന്നെ വിവരം ചോര്‍ന്നതായാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പറയുന്നത്.
ഉടന്‍ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധനക്കെത്തിയെങ്കിലും ലഹരി പാര്‍ട്ടി സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. പിന്നീട് ആഴ്ചകള്‍ക്കു ശേഷം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്പൻഡ് ചെയ്തിരുന്നു.
എന്നാല്‍ , ഇവിടെ വീണ്ടും ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന വിവരം സ്ക്വാഡിന് ലഭിച്ചു. പരിശോധന നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് മിസ് കേരള മത്സര ജേതാക്കള്‍ മരിച്ചതും ഹോട്ടല്‍ വിവാദമാവുകയും ചെയ്തത്.
ഹോട്ടലില്‍ എളുപ്പത്തില്‍ കടന്നെത്താന്‍ പറ്റാത്ത സ്ഥലങ്ങളിലാണ് പലപ്പോഴും ലഹരി പാര്‍ട്ടികള്‍ നടത്താറുള്ളത്. നമ്പര്‍ 18 ലും ഇത്തരത്തിലുള്ള സ്ഥലങ്ങളാണ് ഒരുക്കാറുള്ളതെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.