മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശക്തമായി റേച്ചൽ എന്ന സിനിമയിലൂടെ തിരികെ വരുന്ന ഹണി മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കൈയടി നേടുകയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
അതേസമയം, ഉദ്ഘാടന വേദികളിൽ സ്ഥിരമായി എത്തുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണി റോസ് നേരിടാറുണ്ട്. ഇപ്പോഴിതാ ട്രോളുകളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ഹണി റോസ്.
രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്. റേച്ചലിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു- ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ ഇതേപോലെയുള്ള രസകരമായ ട്രോളുകൾ കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ട്. മുന്‍പൊരിക്കൽ ഹണി റോസിന്റെ അയർലന്‍ഡ് യാത്രയും വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
അയർലൻഡിൽ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് പങ്കുവച്ച സെൽഫി വൈറലായി മാറി. അദ്ദേഹം പങ്കുവച്ച പോസ്റ്റ് പിറ്റേ ദിവസം നോക്കുന്പോൾ താഴെ മൊത്തം മലയാളം കമന്റുകൾ. ‘ഹായ് ജാക്കേട്ടാ സുഖാണോ’ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ടു നിറഞ്ഞു. ഇതിനു പുറമേ നല്ല കൂടിയ കമന്റ്സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെൻഷൻ. മിനിസ്റ്റർ എങ്ങാനും ട്രാൻസ്ലേറ്റ് ചെയ്ത് നോക്കിയാൽ അയർലൻഡിൽനിന്നു തിരിച്ചുപോരാൻ പറ്റാതാവുമോ എന്നു ഭയന്നു.
അതിരു വിടുന്ന ട്രോളുകളെക്കുറിച്ചും ഹണി സംസാരിക്കുന്നുണ്ട്. അത്തരം കമന്റുകൾ നമ്മളെ ബാധിക്കണമോ എന്നു തീരുമാനിക്കുന്നതു നമ്മൾ തന്നെയാണ്. പറയുന്നവർ പറയട്ടെ, നമ്മുടെ ജോലിയുമായി മുന്നോട്ട് പോവുക.
ഇത്തരം കമന്റും മെസേജും ഇടുന്നവരിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഐഡന്റിറ്റി ഇല്ല എന്നതാണ് യാഥാർഥ്യം. നമുക്കൊന്നും ഇങ്ങനെ ഒരു പോസ്റ്റിന് താഴെ കുത്തിയിരുന്ന് കമന്റിടാൻ സമയം കാണില്ല. എനിക്കു തോന്നുന്നു ഇത്തരത്തിൽ നെഗറ്റിവിറ്റി പരത്തുന്നവർ അങ്ങനെ ഒരു പണിയും ഇല്ലാത്ത, ഫ്രസ്ട്രേറ്റഡ് ആയ, കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം. അതിനെ അങ്ങനെ അങ്ങനെ വിട്ടു കളഞ്ഞാൽ മതി. ജീവിതത്തിലേക്ക് എടുക്കണ്ട എന്നും താരം പറയുന്നു.
റേച്ചൽ ആണ് ഹണി റോസിന്റെ പുതിയ സിനിമ. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ ഹണി റോസ് എത്തുന്നത്. നാട്ടിൻപുറത്തു കാരിയായ, ഇറച്ചിവെട്ടുകാരിയായിട്ടാണു താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.