കായംകുളം: കായംകുളം മുനിസിപ്പാലിറ്റി പാലസ് വാർഡിൽ കിഴക്കേ വീട്ടിൽ മുരുകേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ കാലിന്റെ ഭാഗം മാത്രമാണു ലഭിച്ചത്. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
ഈ വീട്ടിൽ സരള എന്ന സ്ത്രീയാണ് താമസിക്കുന്നത്. പകൽ സമയങ്ങളിൽ മാത്രമേ ഇവർ വീട്ടിൽ ഉണ്ടാകുകയുള്ളൂ. രാത്രിയിൽ ബന്ധുവീട്ടിലാണ് കഴിയുന്നത്. ഇവർ ക്ഷേത്രം ജീവനക്കാരിയാണ്. ഇന്നലെ സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് ഇവർ വീട്ടിൽ എത്തിയപ്പോഴാണ് തീ ആളിപ്പടരുന്നതു കണ്ടത്. ഉടനെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സരളയുടെ സഹോദരൻ രമേശന്റെ ഭാര്യ സിന്ധു എന്ന യുവതിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഈ വീടിനു സമീപം എത്തിയതായും കന്നാസിൽ പെട്രോൾ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ രാത്രി ഗ്യാസ് സിലണ്ടറിനു തീപിടിച്ചു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കായംകുളം അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീയണയ്ക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അടുക്കള ഭാഗത്തുനിന്നു മാറി തകർന്ന് കാട് പിടിച്ചുകിടന്ന മുറിയുടെ ഭാഗത്ത് റഗുലേറ്റർ കണക്ട് ചെയ്യാത്ത രീതിയിൽ ഗ്യാസ് കത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.