ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പോലീസ്.
സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്റ്റു ചെയ്തു.
ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അര്‍ധരാത്രി കഴിഞ്ഞ് ഫഹ്നയും ഭര്‍ത്താവും ഉറങ്ങാന്‍ കിടന്ന മുറിയില്‍ നിന്ന് ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നതായി കണ്ടു.
റഫീഖ് വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അവര്‍ പോലീസിനോടു പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും കഴുത്തില്‍ തുണി കുരുക്കിയ നിലയിലും കണ്ടെത്തിയത്.
തുടര്‍ന്ന് നഫീസ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഉടന്‍തന്നെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഫഹ്നയുടെ ശരീരത്തു നിന്ന് കാണാതായ ആഭരണങ്ങള്‍ പൊലീസ് പ്രതിയുടെ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയുടെ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഹമ്മദ് റഫീഖ് മറ്റു ചില കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് റെയില്‍വേ പോലീസില്‍ കളവു കേസിലും കല്ലടിക്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ 2021 ല്‍ എടിഎമ്മിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് സിഐ സി.അലവി പറഞ്ഞു.
ഏഴിന് രാത്രി ഫഹ്നയും റഫീഖും ഇവരുടെ നാലര വയസ്സുള്ള മകളുംകൂടി രാത്രി ഭക്ഷണ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.
അതിനു ശേഷമാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഏലംകുളത്തെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രതി ചെറുകരയിലെത്തിയത്.
അവിടെ നിന്ന് ബസില്‍ പെരിന്തല്‍മണ്ണയിലും പിന്നീട് മറ്റൊരു ബസില്‍ മണ്ണാര്‍ക്കാട്ടും എത്തി.
കൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് അന്വേഷിച്ച് എത്തുമ്പോള്‍ പ്രതി പള്ളിക്കുന്ന് ആവണക്കുന്നുള്ള വീട്ടിലുണ്ടായിരുന്നു.
ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കിടപ്പു മുറിയില്‍ നിന്ന് ഹഫ്നയുടെ കാണാതായ സ്വര്‍ണാഭരണങ്ങളും പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫഹ്നയും റഫീഖും തമ്മില്‍ ഉറങ്ങാന്‍ കിടക്കുന്നതു വരെ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കൊലപാതകം നടന്ന വീട്ടിലെ മുറി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. നിലവില്‍ കൊലപാതകത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
എസ്ഐ അലി, എഎസ്ഐ വിശ്വംഭരന്, എഎസ്ഐ അനിത, എസ്സിപിഒമാരായ സിന്ധു, രേഖാമോള്‍, ജയേഷ്, ഉല്ലാസ്, സിപിഒ പ്രവീണ്‍, ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.