പ്രിയ സുഹൃത്തുക്കളെ, വിവിധ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ ധാരാളം അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തത് ശ്രദ്ധിച്ചു കാണുമല്ലോ. ആറു ലക്ഷത്തിനടുത്താണ് പരാതിക്കാരന് നഷ്ടമായത്.
വളരെ സിംപിൾ ആയി മൂന്നുനാലു മാസത്തിനുള്ളിൽ വളരെ ചെറിയ തുകയാണ് എല്ലാ ദിവസവും ഓൺലൈൻ വഴി തട്ടിപ്പ് നടത്തി തട്ടിയെടുത്തത്.
ഈ കാലഘട്ടത്തിൽ എല്ലാ ആധുനിക സാങ്കേതിക വിദ്യയും നമുക്ക് നിഷേധിക്കാനൊന്നും പറ്റില്ല. അതിന്റെ ഗുണങ്ങൾ ഈ തിരക്ക് പിടിച്ച ജീവിതകാലത്ത് ഏറെ പ്രയോജനകരമാണ്.
അതുകൊണ്ട് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ കൊടുക്കുക. ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ഒരു നിമിഷം കൂടി ആലോചിക്കുക ഉറപ്പ് വരുത്തുക.
എല്ലാ ആഴ്ചയും ബാങ്ക് അക്കൗണ്ട് പരിശോധിക്കുക . ഒന്ന്, രണ്ട് കാര്യങ്ങൾ താഴെ പറയുന്നു ശ്രദ്ധിക്കുക.
സോഷ്യൽ മീഡിയായിൽ നിന്നുള്ള ഫേക്ക് ഐഡിയിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടുള്ള തട്ടിപ്പുകൾ ധാരാളമുള്ള ഈ കാലത്ത് എത്ര അടുത്ത സുഹൃത്ത് ആയാലും സോഷ്യൽ മീഡിയ വഴിയുള്ള പണം ചോദിക്കൽ നിരുത്സാഹപ്പെടുത്തുക.
ഇലക്ട്രോണിക് പേമെന്റിൽ മുഴുവൻ വിവരങ്ങളും വായിച്ചു നോക്കി മാത്രം പേമെന്റ് നടത്തുക. കാരണം നിങ്ങളുടെ പണം അക്കൗണ്ടിൽ നിന്നും പിൻവലിക്കട്ടെ എന്ന് ചോദിച്ചു വരുന്ന റിക്വസ്റ്റ് വരും.
അർത്ഥം മനസിലാക്കി മാത്രം എഗ്രി ചെയ്യുക. അതുപോലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് എത്തി വ്യാപാരം നടത്തി ഓൺലൈൻ ട്രാൻസ്ഫർ നടത്തുന്പോൾ വ്യാപാര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ പണം വന്നെന്ന് ഉറപ്പായതിനു ശേഷം ഇടപാടുകൾ പൂർത്തിയാക്കുക.
ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട് വരുന്ന സമ്മാന ഓഫറുകൾ കൃത്യമായി വെരിഫൈ ചെയ്യുക. 90 ശതമാനം സമ്മാന ഓഫറുകൾ തട്ടിപ്പ് ആയിരിക്കും.എടിഎം-ഡെബിറ്റ് കാർഡ് വിവരങ്ങൾ ആരുമായും പങ്ക് വെക്കാതിരിക്കുക.
സിവിവി ഓർത്ത് വച്ചതിനു ശേഷം മാർക്കർ പേന കൊണ്ട് മായ്ക്കുക. ഒടിപി നിങ്ങളുടെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ആർക്കും ഷെയർ ചെയ്യരുത്.
നിങ്ങളുടെ എടിഎം കാർഡ് ഡീറ്റെയ്ൽസ് ചോദിച്ച് തട്ടിപ്പുകാർ മാത്രമേ വിളിക്കുകയുള്ളു വെന്ന് കൃത്യമായി മനസിലാക്കുക. മറ്റൊരു കാര്യം നിങ്ങളെപ്പറ്റി വിലയിരുത്തുവാൻ സൈബർ ലോകത്ത് ഒരു കൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ആയതിനാൽ നിങ്ങളുടെ രുചി /ആവശ്യം/ആഗ്രഹം / സൈബർ നിരക്ഷരത എന്നിവ അവർ കൃത്യമായി മനസിലാക്കും. അതിനനുസരിച്ചുള്ള സന്ദേശങ്ങൾ എസ്എംഎസ് ആയും ലിങ്ക് ആയും നിങ്ങളുടെ ഫോണിലേക്ക് വന്നു കൊണ്ടിരിക്കും.
ആയതു കൊണ്ട് തന്നെ അനാവശ്യമായതും സെക്യുർ അല്ലാത്തതുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ചിലപ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം.
അതുപോലെ അനാവശ്യമായി ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വെക്കാതിരിക്കുക. പ്ലേ പ്രൊട്ടക്ട് ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക. ഗെയിം കളിക്കാൻ കുട്ടികൾക്ക് ബാങ്കിങ് സേവനങ്ങൾ നടത്തുന്ന മൊബെൽ ഫോൺ കൊടുക്കാതിരിക്കുക.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിൽ തരത്തിൽ പണം നഷ്ടപെടാൻ സാധ്യതയുണ്ടെങ്കിൽ ഉടൻ നിങ്ങളുടെ ബാങ്കിലും സൈബർ പോലീസ് സ്റ്റേഷനിലും അറിയിക്കുക.