ഇടുക്കി: അയൽപക്കക്കാരും നൂറുവയസ് പിന്നിട്ടവരുമായ ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേൽ റോസ (104)യും പുതിയേടത്ത് തോമസും (101) കോവിഡ് പ്രതിരോധ വാക്സിനെടുത്ത് മാതൃകയായി.
കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവർത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി ഇരുവരും കോവിഷീൽഡ് വാക്സിനെടുത്തത്.
വാക്സിനെടുത്തശേഷം സാധാരണ ഗതിയിൽ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നുംതന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിതക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്.
അതിനാൽതന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റു രോഗങ്ങളൊന്നും ഇരുവർക്കുമില്ല.
മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗണ് കാലഘട്ടത്തിൽ സർക്കാർ നിർദേശിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് വീട്ടിൽതന്നെയാണ് ഇവർ കഴിഞ്ഞത്.
സമീപ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ മുതിർന്ന പൗരൻമാർക്കായി പ്രതിരോധ വാക്സിനേഷൻ ക്യാന്പ് നടത്തുന്നതിന്റെ ഭാഗമായി ഇവരെയും വാക്സിനെടുപ്പിക്കാൻ തീരുമാനിച്ചു.
ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും റോസയുടേയും തോമസിന്റെയും ആത്മവിശ്വാസവും പരിഗണിച്ച് വാക്സിനെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പതിവ് പരിശോധനകൾ നടത്തുന്ന ശാന്തിനികേതന ഹോസ്പിറ്റലിൽ നിന്നും വാക്സിനെടുക്കാനാണ് ഇരുവരും താൽപര്യം പ്രകടിപ്പിച്ചത്.
ആദിവാസി പിന്നാക്ക മേഖലയായ വെള്ളിയാമറ്റം പഞ്ചായത്തിലെ ശാന്തിനികേതന ഹോസ്പിറ്റലിൽനിന്നും മാർച്ച് 24 മുതൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്യാൻ ജില്ലാ കളക്ടർ പ്രത്യേക അനുമതി നൽകിയിരുന്നു.
ഇരുവർക്കും പരിചിതരായ ഡോ. എസ്. പ്രസാദ് റാവു, നഴ്സ് ബിജി സാബു എന്നിവരും ചേർന്നാണ് വാക്സിനെടുത്തത്.