തേഞ്ഞിപ്പലം: അറുപത്തിയഞ്ചു വർഷത്തെ പഴക്കമുള്ള താളിയോല ശകലങ്ങളുടെ പശ്ചാത്തലത്തിൽ കറുത്ത ഡ്രോയിംഗ് പെൻസിൽ ഉപയോഗിച്ച് ചിത്രകാരൻ സന്തോഷ് മിത്ര തീർത്ത ഹൈന്ദവ ദേവതയുടെ ആകർഷണീയ ചിത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കലാകാരന്റെ സമ്മാനം.
ഡോ. ആർ. സുരേന്ദ്രന് ഗാന്ധി ചെയർ പുരസ്കാരം സമ്മാനിക്കാൻ കാലിക്കട്ട് സർവകലാശാല കാന്പസിൽ ഗവർണർ എത്തിയപ്പോഴാണ് സർവകലാശാല ആർട്ട് ആൻഡ് ഫോട്ടോഗ്രഫി വിഭാഗം ഫോട്ടോഗ്രാഫർ കൂടിയായ സന്തോഷ് മിത്ര ചിത്രം സമ്മാനിച്ചത്.
ആകാശത്തിലേക്കു പറന്നുയരുന്ന ദേവതയുടെ ചിത്രം കാളിദാസ കൃതികളുടെ വായനയിലൂടെയാണ് ചിത്രരചനയ്ക്ക് ആധാരമായതെന്നു ചിത്രകാരൻ സന്തോഷ് മിത്ര വ്യക്തമാക്കി.
ചരിത്രവും പുരാണവും വിശ്വാസവും കലയും ഇടകലർന്ന കേരളീയ ചുവർ ചിത്രങ്ങളോടു സാമ്യമുള്ളതാണ് ഗവർണർക്കു സമ്മാനിച്ച ചിത്രം.
65 വർഷം പഴക്കമുള്ള, ട്രീറ്റ് ചെയ്ത, ഒരു ഇഞ്ച് വീതിയും ഏഴു ഇഞ്ച് നീളവുമുള്ള താളിയോലകളാണ് ചിത്രത്തിന്റെ പ്രതലമായി ഉപയോഗിച്ചിരിക്കുന്നത്.
മഞ്ഞൾ ഇട്ട് പാലിൽ പുഴുങ്ങിയെടുത്ത് തണലത്തു വച്ച് ഉണക്കിയെടുത്ത പുൽത്തൈലം പുരട്ടി ചുവന്ന പട്ടിൽ പൊതിഞ്ഞാണ് താളിയോലകൾ സൂക്ഷിക്കുന്നത്.
ഇങ്ങനെ കൃത്യത പാലിച്ച് ഉണക്കി എടുത്താൽ എത്രകാലം വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ഇങ്ങനെ തയാറാക്കിയ ഓലകൾക്ക് സ്വർണനിറമായിരിക്കും.
താളിയോലകൾ കാൻവാസിലോ കട്ടിയുള്ള ചാർട്ട് പേപ്പറിലോ ഒട്ടിച്ച ശേഷം കറുത്ത റോട്ടറിംഗ് ഇൻക് ഉപയോഗിച്ചും അക്രിലിക് കളർ ഉപയോഗിച്ചും ചിത്രീകരണം നടത്താം.