ചൈനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാന്‍ എല്ലാ രാജ്യങ്ങളും ഉത്സാഹിക്കുമ്പോള്‍ ഇതിനോടു മുഖം തിരിക്കുന്ന ഒരേയൊരാള്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ്. കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന് പ്രതികരിച്ചില്ലെന്നാണ് വിവരം.
പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന് ഖാന് പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് ഇമ്രാന് പ്രതികരിച്ചില്ലെന്നാണ് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൗരന്മാര് രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി വുഹാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുകയാണ് പാകിസ്ഥാന്. തങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത തങ്ങളുടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാന് വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായിരുന്നു.
പാകിസ്ഥാന് സര്‍ക്കാരിനെ ഓര്‍ത്ത് ലജ്ജിക്കുന്നു,? ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.
ചൈനയില്‍ കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പം അയല്‍രാജ്യങ്ങളെയൊക്കെ ഇന്ത്യ സഹായിച്ചിരുന്നു. മാലിദ്വീപില്‍ നിന്നുള്ള ഏഴുപേരെയും ഒരു ബംഗ്ലാദേശി പൗരനെയും ഇന്ത്യ രക്ഷിച്ചിരുന്നു.
ഇതിന് മാലിദ്വീപ് സര്‍ക്കാര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കൊറോണ ആശങ്കയില്‍ നിന്ന് ഇന്ത്യക്കാര്‍ക്കൊപ്പം മടങ്ങാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയവര്‍ക്കാണ് അധികൃതര്‍ കരുതലിന്റെ കരംപകര്ന്നത്. മാലിദ്വീപില്‍ നിന്നെത്തിച്ചവരെയും 14 ദിവസത്തേക്കു ഡല്‍ഹിയില്‍ പ്രത്യേകം പാര്‍പ്പിച്ചു നിരീക്ഷിക്കാനാണു തീരുമാനം.