സ്ത്രീയുമായി നടത്തിയ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിനെത്തുടര്‍ന്ന് വിവാദത്തിലകപ്പെട്ട്
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്.
പാക്ക് മാധ്യമപ്രവര്‍ത്തകനായ സയ്യിദ് അലി ഹൈദര്‍ യുട്യൂബില്‍ പങ്കുവച്ച ഓഡിയോ ക്ലിപ്പുകള്‍ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തു വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുകയാണ്.
പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷമാദ്യം ഇമ്രാന് ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയില്‍ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകള്‍.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് ക്ലിപ്പിലുള്ളത്. നേരില്‍കാണുന്നതിന് സ്ത്രീയെ പുരുഷന് നിര്ബന്ധിക്കുമ്പോള് അവര്‍ വിസമ്മതിക്കുകയാണ് ചെയ്തത്.
അടുത്ത ദിവസം കാണുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ”എന്റെ കുടുംബവും കുട്ടികളും വരുന്നതിനാല്‍ സാധിക്കുമോയെന്ന് നോക്കാം. അവര്‍ വരുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കാം” എന്ന് പുരുഷശബ്ദം പറയുന്നു. ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിക്കുന്നതും ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
എന്നാല്‍ ഇത് വ്യാജ ഓഡിയോ ക്ലിപ്പുകളാണെന്നാണ് ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) വൃത്തങ്ങള്‍ പറയുന്നത്.
ഇമ്രാന് ഖാനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
വ്യാജ ഓഡിയോകളും വിഡിയോകളും സൃഷ്ടിക്കുന്നതല്ലാതെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ എതിരാളികള്‍ക്ക് അറിയില്ലെന്ന് പിടിഐ നേതാവ് അര്‍സ്ലാന്‍ ഖാലിദ് പറഞ്ഞു.
ക്ലിപ്പുകളിലെ ശബ്ദം ഇമ്രാന് ഖാന്റേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും സൈബറിടങ്ങളില്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ലൈംഗിക കോളുകള്‍ ചോര്‍ന്നതോടെ ഇമ്രാന് ഖാന്, ഇമ്രാന് ഹാഷ്മിയായി മാറിയെന്ന് മാധ്യമപ്രവര്‍ത്തകയും സൗത്ത് ഏഷ്യ ലേഖികയുമായ നൈല ഇനായത്ത് ട്വീറ്റ് ചെയ്തു.