ന്യൂഡൽഹി: കായിക ലോകത്ത് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു. അടുത്ത വർഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെ പാക്കിസ്ഥാനിൽ നടക്കുന്ന കാഴ്ചപരിമിതർക്കുള്ള ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനുമുള്ള പാക്കിസ്ഥാൻ ടീമിന്റെ ചില കളിക്കാർക്കും വീസ നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വിസമ്മതിച്ചിരിക്കുകയാണ്.
എല്ലാവർക്കും വീസയില്ല
ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനും പങ്കെടുക്കുന്ന പാക്കിസ്ഥാൻ കളിക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രണ്ടു മാസം മുന്പേ വീസയ്ക്ക് അപേക്ഷിച്ചതാണ്. എന്നാൽ, വീസ നല്കുന്ന കാര്യം നീണ്ടു പോകുകയായിരുന്നു. ചില കളിക്കാർ വീസ നൽകില്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15 മുതൽ 17 വരെയാണ് ടൂർണമെന്റ്.
ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിൽ പാക്കിസ്ഥാൻ സ്ക്രാബിൾ അസോസിയേഷൻ (പിഎസ്എ) ഡയറക്ടർ താരിഖ് പെർവേസ് നിരാശ രേഖപ്പെടുത്തി. വ്യക്തമായ കാരണം കൂടാതെയാണ് 2022ൽ ഇന്ത്യയിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ച കളിക്കാർ ഉൾപ്പെടെ പാക്കിസ്ഥാൻ ടീമിന്റെ പകുതിയോളം പേരുടെ വീസ നിഷേധിച്ചതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വീസയ്ക്കായി കാത്തിരുന്ന കളിക്കാർ അവസാന നിമിഷം വീസ ലഭിക്കുമെന്ന പ്രതീക്ഷയിൽ കറാച്ചിയിൽനിന്നു ലാഹോറിലെത്തിയിരുന്നു. എന്നാൽ, വീസ കിട്ടില്ലെന്ന് ഉറപ്പായതോടെ ഇവർ തിരിച്ചു കറാച്ചിയിലേക്കു പോന്നതായും അദ്ദേഹം പറഞ്ഞു.
നിലവിലെ ലോക ചാന്പ്യന്മാരും ഏഷ്യൻ യൂത്ത് ജേതാക്കളുമായ പാക്കിസ്ഥാൻ ടീമിന്റെ അഭാവം ടൂർണമെന്റിന്റെ ശോഭ കെടുത്തുമെന്ന് പർവേസ് പറഞ്ഞു.
സമീപകാല സംഭവവികാസങ്ങൾക്കൊപ്പം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കായികബന്ധം ഏറ്റവും മോശം നിലയിലാണ്. അടുത്ത വർഷത്തെ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ കായികലോകത്തെ ബന്ധം വഷളാകുകയാണ്.
ചാന്പ്യൻസ് ട്രോഫിക്കായി ഇന്ത്യ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന തീരുമാനം ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിനെയും (ഐസിസി) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനു പുറത്തുനടത്തണമെന്ന ഇന്ത്യൻ ബോർഡിന്റെ ആവശ്യം ആതിഥേയർ എന്ന നിലയിൽ പിസിബി തള്ളി.
അനുമതി കാത്ത്
പാക്കിസ്ഥാൻ ആതിഥേയരാകുന്ന കാഴ്ചപരിമിതർക്കുള്ള നാലാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീം വിദേശ മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. ഈ മാസം 22 മുതൽ ഡിസംബർ മൂന്നുവരെയാണ് ടൂർണമെന്റ്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ ഇന്ത്യൻ ടീമിന് കായിക മന്ത്രാലയത്തിൽനിന്ന് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ടീമിന് ലോകകപ്പിൽ പങ്കെടുക്കാനാവില്ല.
ആദ്യ മൂന്നു ലോകകപ്പു ജയിച്ച ഇന്ത്യ നിലവിലെ ചാന്പ്യന്മാരാണ്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യയും സമർഥനം ട്രസ്റ്റ് ഫോർ ദ ഡിസേബിൾഡുമാണ് ലോകകപ്പിന്റെ സംഘാടർ. ഇന്ത്യ രണ്ടു തവണ പാക്കിസ്ഥാനെയും ഒരു തവണ ബംഗ്ലാദേശിനെയുമാണ് ഫൈനലിൽ തോൽപ്പിച്ചത്.
ഇന്ത്യൻടീം പങ്കെടുത്തില്ലെങ്കിലും ടൂർണമെന്റ് നടക്കുമെന്ന് പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗണ്സിൽ അറിയിച്ചു.