ഇന്ന് അന്താരാഷ്ട്ര യോഗാദിനം. രാജ്യത്ത് ഉടനീളം യോഗാദിനാചരണം നടക്കുകയാണ്. എല്ലാവരും യോഗ ജീവിതചര്യയാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനത്തിൽ പറഞ്ഞിരിക്കുന്നത്.
10-ാം രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിന് യോഗ മുതൽക്കൂട്ടാകുന്നുണ്ടെന്നും യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്ത് ദിനംപ്രതി വർധിക്കുകയാണെന്നും മോദി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെത്തിയ നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി. പരിപാടിയിൽ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു.
2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിന് നേതൃത്വം നൽകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടനകളുടെയും വ്യക്തികളുടെയും നേത്യത്വത്തിൽ ഇന്ന് യോഗാദിനം ആചരിക്കുന്നുണ്ട്.