ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐപിഎസ് ഓഫീസര്‍ ആശുപത്രിയിലെ ഐസിയുവിൽ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യ (44) യാണ് ആത്മഹത്യചെയ്തത്. കാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം.
കാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെത്തുടർന്ന് ഇരുവരും രണ്ടു മാസത്തോളമായി ആശുപത്രിയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയെടുത്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ അഗമോനി മരിച്ചു. ഈസമയം, ഷിലാദിത്യ ചേത്യ ഡോക്ടർക്കും നഴ്സിനുമൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് പ്രാർഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റുള്ളവർ പുറത്തേക്കിറങ്ങി. 10 മിനിറ്റിനുശേഷം മുറിയിൽനിന്നു വെടിശബ്ദം കേട്ട് ഡോക്ടറും മറ്റും ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തത്.
അസം കേഡറിലെ ഐപിഎസ് ഓഫീസറായ ശിലാദിത്യ ചേതിയ ഗോലാഘട്ട്, ടിൻസുകിയ, സോനിത്പൂർ ജില്ലകളിൽ മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസം പോലീസ് ബറ്റാലിയന്റെ കമാൻഡന്റും ആയിരുന്നിട്ടുണ്ട്. 2013 മേയ് 13നാണ് ഷിലാദിത്യയും അഗമോനിയും വിവാഹിതരായത്. ഇവർക്കു മക്കളില്ല.