കൊച്ചി: കൊയിലാണ്ടിയില്‍ പുറംകടലില്‍നിന്ന് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ന് പുലര്‍ച്ചെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റല്‍ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.
ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംശയാസ്പദമായ യാതൊരു സാഹചര്യവും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്പോണ്‍സറുടെ പീഡനം സഹിക്കാനാവാതെ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണിവര്‍.
സയ്യദ് സൗദ് ജാബരി എന്നയാളാണ് സ്പോണ്സര്. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവര്‍ക്ക് ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസ സൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കുമൊപ്പം മര്‍ദനവും ഏല്‍ക്കേണ്ടിവന്നതോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴിയിലുള്ളത്.
തുടര്‍ന്ന് ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് ഇവരെ വിട്ടയച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.അതേസമയം, കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ട് ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ട് കസ്റ്റഡിയിലെടുത്ത് കൊച്ചി തീരത്ത് എത്തിക്കുകയും മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പോലീസിന് കൈമാറുകയുമായിരുന്നു.