മുംബൈ: ഇറാനി കപ്പ് ക്രിക്കറ്റിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ചാന്പ്യന്മാരായ മുംബൈയാണ് ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
ദുലീപ് ട്രോഫിയിൽ ലഭിച്ച അവസരം മുതലാക്കി സെഞ്ചുറിയടക്കം സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനു റെസ്റ്റ് ഓഫ് ഇന്ത്യൻ സംഘത്തിൽ ഇടം ലഭിച്ചില്ല. അതേസമയം, ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലുൾപ്പെട്ടു.
ദുലീപ് ട്രോഫിയിൽ ഇന്ത്യ സി ടീം ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്വാദാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റൻ. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റൻ. ലക്നൗവിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമംഗങ്ങളായ യാഷ് ദയാൽ, ധ്രുവ് ജുറെൽ എന്നിവരെയും റെസ്റ്റ് ഓഫ് ഇന്ത്യ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇവർക്ക് ഇടമില്ലെങ്കിൽ ഇറാനി ട്രോഫിയിൽ കളിക്കും.
മുംബൈയുടെ സംഘത്തിൽ സർഫറാസ് ഖാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ സർഫറാസ് ഇല്ലെങ്കിൽ അദ്ദേഹവും ഇറാനി ട്രോഫി കളിച്ചേക്കും. അജിങ്ക്യ രഹാനെയാണ് മുംബൈയുടെ ക്യാപ്റ്റൻ.