കൊച്ചി: കോവിഡ് കാലത്തു രാഷ്ട്രീയം മറന്നു നേതാക്കൾ കൈകോർത്തപ്പോൾ ഇറാക്കിൽനിന്നു കേരളത്തിലെത്തിയത് 161 പേർ.
കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ദൗത്യത്തിനു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും ശശിതരൂർ എംപിയും എം. സ്വരാജ് എംഎൽഎയും ഉൾപ്പെടെയുള്ളവരാണ് കൈകോർത്തത്. യാത്രക്കാരുമായി ഇന്നലെ പുലർച്ചെ 1.30ന് ഇറാക്കി എയർവേയ്സ് വിമാനം കൊച്ചിയിലെത്തി. മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്.
ഇറാക്കിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സഹായിച്ച രാഷ്ട്രീയ നേതാക്കൾക്കു നന്ദിപറഞ്ഞ് മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പ്രഫഷണൽ കോണ്ഗ്രസ് ദുബായിൽ സംഘടിപ്പിച്ച “പ്രവാസികൾക്കുവേണ്ടി ഒരു ദിനം’’എന്ന പരിപാടിയിൽ അഞ്ചൽ ചണ്ണപ്പേട്ട മുൻ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു ഇറാക്കിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയാവസ്ഥ വിവരിച്ചിരുന്നു.
സഹായത്തിന് ആരുമില്ലാതെ, ജോലിയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മിക്കവരും. ഡൽഹിയിലുള്ള ഇറാക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനം എത്തുന്ന കാര്യവും ഇറാക്കിലുള്ള മലയാളികൾ പങ്കുവച്ചിരുന്നു.
ഇന്റനെറ്റിൽ തെരഞ്ഞ് ഇറാക്ക് ദൗത്യത്തിനു നേതൃത്വം നൽകുന്ന ഖെയ്ത്ത് ഹംസയുടെ ഇ മെയിൽ വിലാസം മാത്യു കുഴൽനാടൻ കണ്ടെത്തി. മലയാളികളെ ഇന്ത്യയിലെത്തിക്കാനാകുമോ എന്നതിനെക്കുറിച്ച് ആരാഞ്ഞു.
ഭാരതസർക്കാർ അനുവാദം തന്നാൽ പ്രശ്നമില്ലെന്നായിരുന്നു മറുപടി. സുഹൃത്ത് സന്ദീപ് വാര്യർ വഴി കേന്ദ്രമന്ത്രി വി. മുരളീധരനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ വേഗത്തിൽ നീക്കി. ശശി തരൂർ എംപി വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ടു തടസങ്ങളും നീക്കി.
മലയാളികളും തമിഴ്നാട്ടുകാരും ജോലിചെയ്യുന്ന കന്പനികൾ വിമാനക്കൂലി വഹിക്കാൻ തയാറായി. തമിഴ്നാട്ടുകാർക്കു കേരളത്തിലിറങ്ങണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുവാദം വേണം. ഇതു നേടിയെടുക്കാൻ എം. സ്വരാജ് എംഎൽഎയുമായി സംസാരിച്ചു. സ്വരാജ് മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി ഇളങ്കോവൻ ഐഎഎസിനെ ചുമതലപ്പെടുത്തി. ഇളങ്കോവൻ ഇറാക്കിലെ ഉദ്യോഗസ്ഥരെ ഔദ്യോഗികമായി ബന്ധപ്പെട്ടു സർക്കാരിന്റെ അനുമതി അറിയിച്ചതോടെ യാത്രയ്ക്കുള്ള വഴി തുറന്നു.
ഖെയ്ത്ത് ഹംസ 30 ടിക്കറ്റുകൾ സൗജന്യമായി നൽകി. നഴ്സുമാർ, ഗർഭിണികൾ, വയോധികർ തുടങ്ങിയവർക്കാണ് ഈ ടിക്കറ്റുകൾ നീക്കിവച്ചത്. കക്ഷിരാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പംനിന്നവർക്ക് അവകാശപ്പെട്ടതാണ് ക്രെഡിറ്റെന്നു മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.