കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്.
ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്പോര്‍ട്സ് 18ലും സൂര്യ മൂവീസിലും തത്സമയം കളി കാണാം.
കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു.
ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു.
മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ കെ.പി. രാഹുലും ബ്രൈസ് മിറാന്‍ഡയും ടീമിനൊപ്പമില്ല.
പരിക്കേറ്റ സൗരവ് മൊണ്ഡലും ഇഷാന് പണ്ഡിതയും ടീമിലുണ്ടാകില്ല. റോയ് കൃഷ്ണ, സന്ദേശ് ജിങ്കാന്, ഉദാന്ത സിംഗ് തുടങ്ങിയ പ്രധാന താരങ്ങള്‍ ഇല്ലെങ്കിലും പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും കോര്‍ത്തിണക്കി പോയ സീസണിലെ മികച്ച പ്രകടനം നടത്താനാണ് സൈമണ്‍ ഗ്രെയ്സന്റെ പരിശീലനത്തില്‍ ബംഗളൂരു എഫ്സി ഇന്നെത്തുന്നത്. ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സുനില്‍ ഛേത്രി ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല.
ഇന്നു നടക്കുന്ന സതേണ്‍ ഡര്‍ബിയില്‍ വിജയിക്കാനായാല്‍ സീസണിലുടനീളം ബ്ലാസ്റ്റേഴ്സിന് അത് ഇന്ധനം പകരും. അതേസമയം കണക്കിലെ കളിയില്‍ ബംഗളൂരുവിനാണ് മുന്‍തൂക്കം. ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണ വിജയം ബംഗളൂരുവിനൊപ്പമായിരുന്നു. മൂന്നു തവണ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോള്‍ മൂന്ന് കളികള്‍ സമനിലയിലുമായി.
പൊട്ടിത്തെറിക്കാന്‍ 29 അംഗ സ്ക്വാഡ്
പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങിയ 29 അംഗ ടീമാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. അഡ്രിയാന്‍ ലൂണയാണ് നായകന്.
കെ.പി. രാഹുല്‍, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന് മോഹനന് എന്നിവരാണ് ടീമിലെ മലയാളികള്‍.
ടീം ഇവരില്‍നിന്ന്: കരണ്‍ജിത് സിംഗ്, ലാറ ശര്‍മ, സച്ചിന് സുരേഷ്, മുഹമ്മദ് അര്‍ബാസ് (ഗോള്‍ കീപ്പര്‍മാര്‍), പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, ഐബന്‍ഭ ഡോഹ്ലിംഗ്, നവോച്ച സിംഗ്, ഹോര്‍മിപാം ആര്‍വി, സന്ദീപ് സിംഗ്, മാര്‍ക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച് (ഡിഫന്‍ഡര്‍മാര്‍), ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാന്‍ഡ, ജീക്സണ് സിംഗ്, സൗരവ് മൊണ്ഡല്‍, വിബിന് മോഹനന്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, യോയ്ഹെന്‍ബ മെയ്തി, ഫ്രെഡി ലല്ലാവ്മ, അഡ്രിയാന്‍ ലൂണ (മിഡ്ഫീല്‍ഡര്‍മാര്‍), നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിംഗ്, കെ.പി. രാഹുല്‍, ഇഷാന് പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമി പെപ്ര, ദെയ്സുകി സകായ് (സ്ട്രൈക്കര്‍മാര്‍).