ടെൽ അവീവ്: ഇസ്രേലി തീരത്ത് 3300 വർഷം മുന്പ് മുങ്ങിയ കപ്പലിലെ മൺഭരണികൾ കണ്ടെത്തി.
വടക്കൻ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ 1800 മീറ്റർ ആഴത്തിൽ നൂറുകണക്കിനു ഭരണികളാണു കിടക്കുന്നത്. പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടിത്തംകൂടിയാണിതെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി ചൂണ്ടിക്കാട്ടി.
മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പൽ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതിവാതകത്തിനുമായി സ്വകാര്യ കന്പനി നടത്തിയ പര്യവേക്ഷണത്തിനിടെയാണ് കടലിനടിയിലെ ഭരണികൾ ശ്രദ്ധയിൽപ്പെട്ടത്.
ഇസ്രേലി ഗവേഷകർ രണ്ടു ഭരണികൾ മാത്രമാണു പുറത്തെടുത്തിട്ടുള്ളത്. കാനാൻ ദേശക്കാർ ഉപയോഗിച്ചിരുന്ന ഭരണികളാണിതെന്നു കരുതുന്നു.
തീരത്തോടു ചേർന്നു മാത്രമല്ല, പുറങ്കടലിലും കപ്പലോടിക്കാനുള്ള വൈദഗ്ധ്യം അന്നത്തെ മനുഷ്യർക്കുണ്ടായിരുന്നുവെന്നാണ് ഇത്ര ദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതിൽനിന്നു വ്യക്തമാകുന്നത്. നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ നിശ്ചയിച്ചിരുന്നത്.