ടെൽ അവീവ്: സ്ഫോടന പരന്പരകൾക്കും വ്യാപകമായ വ്യോമാക്രമണത്തിനും ശേഷം ലബനനിൽ കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേൽ സൈന്യം. ലെബനനിൽ കരയുദ്ധത്തിന് തയാറാണെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി പറഞ്ഞു.
കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ലെബനനിൽ വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രഖ്യാപനം.
ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്.
അതേസമയം, ലബനനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി പൗരന്മാർക്കു മുന്നറിയിപ്പു നൽകി. ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും അധികൃതർ നിർദേശം നൽകി.