ന്യൂഡൽഹി: വ്യാജവാർത്തകളും പ്രചരണങ്ങളും സമൂഹത്തിനാകെ ദോഷകരമാണ്.
എന്നാൽ ഈ വ്യാജവാർത്ത ചക്കയ്ക്കു ഗുണമായി. മാംസാഹാരം ഉപേക്ഷിച്ചാൽ കൊറോണ വൈറസ് ബാധയെ തടയാമെന്ന വ്യാജപ്രചരണമാണ് ചക്കയ്ക്കു ഗുണമായത്.
ആട്ടിറച്ചിയുടേയും കോഴി ഇറച്ചിയുടേയും ഡിമാൻഡ് കുറയുകയും ചക്കയുടെ ആവശ്യക്കാർ ഏറുകയും ചെയ്തു. ചക്കയുടെ വിലയും റോക്കറ്റുവിട്ടതുപോലെ ഉയർന്നു.
ഉത്തരേന്ത്യയിൽ ഒരു കിലോ ചക്കയ്ക്കു 120 രൂപവരെ വന്നു. ഏകദേശം 120 ശതമാനത്തിലേറെയാണ് വില വർധിച്ചത്. എന്നാൽ കോഴി ഇറച്ചിയുടെ വില കുത്തനെ ഇടിഞ്ഞു.
ബിരിയാണിയിൽനിന്നും മട്ടനേയും ചിക്കനേയും പടിയിറക്കി ചക്ക സ്ഥാനംപിടിച്ചെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.
ചക്ക ചേർത്ത ബിരിയാണിയ്ക്ക് ലക്നോവിൽ ഇപ്പോൾ വൻ ഡിമാന്റാണ്. മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്ന് പൂര്‍ണിമ ശ്രീവാസ്തവ എന്ന വീട്ടമ്മ പറയുന്നു.
മട്ടൻ ബിരിയാണിക്കുപകരം ചക്ക ബിരിയാണി കഴിക്കുന്നതാണ് നല്ലത്. ഇത് നല്ല രുചിയാണ്. വിപണിയിൽ ചക്ക കിട്ടാനില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും പൂര്‍ണിമ പറയുന്നു.
പക്ഷികൾ വഴി കൊറോണ വൈറസ് പകരാമെന്ന തെറ്റിദ്ധാരണയാണ് ആളുകൾ കോഴിയിറച്ചി ഉപേക്ഷിക്കാൻ കാരണമായത്. തെറ്റിദ്ധാരണ മാറ്റാൻ ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ഗോരഖ്പുരില്‍ ചിക്കന്‍ മേളകള്‍ സംഘടിച്ചിരുന്നു. എന്നാൽ ഇത് വലിയ മാറ്റമൊന്നും വരുത്തിയില്ല.