കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ട്. 282 കേസുകളാണു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്.
5,810 പരിശോധനകളാണ് സ്ക്വാഡ് നടത്തിയത്. 4,131 സര്‍വയ്ലന്‍സ് സാമ്പിളുകളും 1,134 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. 31,18,500 രൂപയാണ് നിയമലംഘകരില്നിന്നു കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത്. കോടതികളില്‍ കേസ് ഫയല്‍ചെയ്തിട്ടുള്ളത് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമാണെന്നു കണ്ടെത്തിയ കേസുകളിലാണ്.
മറ്റുജില്ലകളില്‍ 150ല്‍ താഴെ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കഴിഞ്ഞാല്‍ എറണാകുളത്താണ്. 115 കേസുകള്‍.
കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഫുഡ് സേഫ്റ്റി വകുപ്പ് കോഴിക്കോട്ട് 1,455 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 കേസുകള്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്േട്രറ്റ് കോടതിയില്‍ ഫയല്‍ചെയ്തതായി ഫുഡ് സേഫ്റ്റി വിഭാഗം അസി. കമ്മീഷണര്‍ സക്കീര്‍ ഹുസൈന് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനകം 9.91 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തത് മായം ചേർത്ത ശര്‍ക്കരയുമായി ബന്ധപ്പെട്ടാണ്. അമ്പതിലധികം കേസുകളാണ് ഇത്തരത്തിലുള്ളത്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവന്ന ശര്‍ക്കരയിലാണ് മായം കണ്ടെത്തിയത്. മനുഷ്യ ശരീരത്തിനു ഹാനികരമായ ശര്‍ക്കരയാണിത്. നിറം കൂടുന്നതിനാണ് മായം േചര്‍ക്കുന്നത്.
ഇത്തരം ശർക്കര സ്ഥിരമായി ഉപയോഗിച്ചാല്‍ വൃക്കയും കരളും തകരാറിലാവും. കുട്ടികളില്‍ മാനസികപ്രശ്നങ്ങള്‍ക്കു കാരണമാകും. അലര്‍ജി, ചെറിച്ചില്‍ എന്നിവയും അനുഭവപ്പെടും. കടകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വന്‍ തോതില്‍ നിരോധിക്കപ്പെട്ട കളറുകള്‍ ചേര്‍ത്തതായി തെളിഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ലേബല്‍ ഇല്ലാത്ത ശര്‍ക്കര വില്‍ക്കുന്നത് നിരോധിച്ചിരുന്നു. അതിനുശേഷം മാറ്റം വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.