ചിങ്ങവനം: കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങി നടന്ന ജയകുമാർ നായരെ (53) ചിങ്ങവനം പോലീസ് കെണിയിലാക്കിയത് തന്ത്രപരമായി.
പള്ളത്ത് താമസിക്കുന്നതിനിടയിൽ കെഎസ്ആർടിസി ഡ്രൈവർ ജിമോന്റെ ഭാര്യയിൽ നിന്നും മൂന്നര ലക്ഷവും സമീപവാസികളായ ശ്യാം, പ്രദീപ് എന്നിവരിൽ നിന്നു മൂന്നു ലക്ഷം രൂപ വീതവും ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയിരുന്നു.
ഇവർ കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുത്ത പരാതിയിലാണ് മാസങ്ങൾക്ക് ശേഷം ജയകുമാർ കുടുങ്ങിയത്.പാസ്റ്ററായ തനിക്ക് വിദേശത്തുള്ള ബന്ധം വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പണം വാങ്ങിയശേഷം സംശയം ഇല്ലാതാക്കാൻ എറണാകുളത്ത് കൊണ്ടു പോയി മെഡിക്കൽ ടെസ്റ്റും നടത്തിയിരുന്നു. പിന്നീട് പണം നൽകിയവർക്ക് ജോലി തരപ്പെടാതായപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു.
പോലീസ് അന്വഷണത്തിനിടെ അഞ്ചിലധികം സിമ്മുകൾ മാറി മാറി ഉപയോഗിച്ചുകൊണ്ട് താമസ സ്ഥലവും മാറ്റിയിരുന്നു. ഒടുവിൽ വീട്ടു വേലക്കാരിയുടെ ഫോണിൽ നിന്നാണ് വിളികൾ നടത്തിയിരുന്നത്.
ചങ്ങനാശേരി സ്വദേശിയായ ജയകുമാർ കക്കാട്ടുപടിയിൽ ശാന്തിക്കാരനായി നിൽക്കുന്പോഴാണ് തുരുത്തി സ്വദേശിയായ ബ്രാഹ്മണ യുവതിയെ തെറ്റിധരിപ്പിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്.
തട്ടിപ്പുകാരനെന്നു മനസിലായതോടെ ഭാര്യയും കുട്ടികളും വീട്ടിൽ നിന്നും ഇയാളെ പുറത്താക്കി. തുടർന്ന് വടവാതൂർ എംആർഎഫിൽ സെക്യുരിറ്റി ജോലിക്കാരനായി.
ഇതിന് ശേഷമാണ് പാസ്റ്ററായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ജില്ലാ പോലീസ് ചീഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ചിങ്ങവനം സ്റ്റേഷൻഹൗസ് ഓഫീസർ ബിൻസ് ജോസഫ്, എസ്ഐമാരായ ബിപിൻ ചന്ദ്രൻ, കെ.കെ. സുരേഷ് കുമാർ, സിപിഒമാരായ ഡെന്നി പി. ജോയി, മനോജ് കുമാർ എന്നിവർ ചേർന്ന ഏനാത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.