ബംഗളൂരു: സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോൾ സമ്മാനദാനത്തിനിടെ ഇന്ത്യൻ മിഡ് ഫീൽഡ് താരം ജീക്സൺ സിംഗ് തന്റെ സംസ്ഥാനമായ മണിപ്പുരിന്റെ പതാകയേന്തിയത് വിവാദമാകുന്നു.
ജീക്സൺ അണിഞ്ഞത് മെയ്തേയ് വിഭാഗക്കാരുടെ പതാകയാണെന്നാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് സമാധാനത്തിനുള്ള ആഹ്വാനമായാണു പതാക ധരിച്ചതെന്നാണുജീക്സൺ സിംഗ് പ്രതികരിച്ചത്.
‘ആഘോഷങ്ങൾക്കിടെ പതാക ധരിച്ചതിലൂടെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്.
ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു’- താരം സമൂഹമാധ്യമത്തിൽ കുറിച്ചു. മണിപ്പുരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ രണ്ടുമാസമായി തുടരുന്ന കലാപത്തിൽ നൂറിലധികം പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്.