പെരിയ: അറവുശാലയില്‍ നിന്നും വിരണ്ടോടി നാട്ടില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പിടിച്ചുകെട്ടി.
ചിത്താരിയിലെ അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിലേക്ക് പാലക്കാട് നിന്നും കൊണ്ടുവന്ന പോത്താണ് ശനിയാഴ്ച ഉച്ചയോടെ ലോറിയില്‍ നിന്നിറക്കുമ്പോള്‍ വിരണ്ടോടിയത്.
അറവുശാലയിലെ ജീവനക്കാരും ഉടമസ്ഥനും പിന്നാലെ ഓടിയെങ്കിലും പോത്തിനെ പിടിക്കാനായില്ല.
നിറയെ ആളുകളും വാഹനങ്ങളുമുള്ള റോഡിലൂടെയാണ് പോത്ത് ഓടിയതെങ്കിലും അക്രമമോ നാശനഷ്ടങ്ങളോ വരുത്താതിരുന്നത് ആശ്വാസമായി.
ചിത്താരിയില്നിന്നും തണ്ണോട്ട്, പാക്കം വഴി പെരിയ വരെ ഓടിയെത്തിയ പോത്ത് വൈകുന്നേരത്തോടെ കേന്ദ്രസര്‍വകലാശാല വളപ്പിലെ കാടുപിടിച്ച ഭാഗത്തേക്ക് മറയുകയായിരുന്നു.
രാത്രി ഒമ്പതു വരെ ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും പോത്തിനെ കണ്ടുകിട്ടിയില്ല.
ഞായറാഴ്ച പകല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഒരു പറമ്പില്‍ പോത്തിനെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥനും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു.
പോത്തിനെ കയറിട്ടു കുരുക്കി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഒരു എരുമയെ കൊണ്ടുവന്ന് അടുത്തുള്ള മരച്ചുവട്ടില്‍ കെട്ടുകയും അഗ്നിരക്ഷാ സേനാംഗവും നാട്ടുകാരായ രണ്ടുപേരും കൈയില്‍ വടവുമായി മരത്തിനു മുകളില്‍ കയറി കാത്തിരിക്കുകയുമായിരുന്നു.
ഒരു മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനുശേഷം പോത്ത് വീണ്ടും ഇവിടെയെത്തിയപ്പോള്‍ എരുമയുടെ മറപിടിച്ചുനിന്ന നാട്ടുകാരനായ ഇബ്രാഹിം എറിഞ്ഞ കയര്‍ കഴുത്തില്‍ കുരുങ്ങി.
എന്നിട്ടും വീറോടെ പിടിച്ചുനിന്ന പോത്തിനെ ഏറെ പ്രയത്നത്തിനൊടുവിലാണ് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റിയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ ടി. അശോക് കുമാര്‍, സേനാംഗങ്ങളായ കെ.വി. സന്തോഷ്, ലതീഷ്, ശ്രീകുമാര്‍, ഹോംഗാര്‍ഡ് പി. കൃഷ്ണന്, സന്നദ്ധ പ്രവര്‍ത്തകരായ ഷിജു കയ്യൂര്‍, ഇബ്രാഹിം എന്നിവരാണ് യത്നത്തിന് നേതൃത്വം നല്‍കിയത്.