ലോക്ക്ഡൗണ്‍ കാലത്തു പലരും തിന്നു തടിവച്ചപ്പോൾ ജെന്നി അയണ്‍ മെലിഞ്ഞു സുന്ദരിയായി. ജെന്നി കുറച്ച ശരീരഭാരത്തിന്റെ അളവ് കേട്ടാൽ എന്തായാലുമൊന്ന് അതിശയിക്കും.
കുറച്ചത് എത്രയാണെന്നോ 110 കിലോ. ഇപ്പോൾ 63 കിലോയുള്ള ജെന്നിക്ക് ആദ്യമുണ്ടായിരുന്ന ഭാരം 173 കിലോ.
പൊണ്ണത്തടിയുടെ പൊല്ലാപ്പുകൾ
ജെന്നിക്കു പൊണ്ണത്തടിമൂലമുണ്ടായ വിഷമങ്ങൾ ചില്ലറയൊന്നുമല്ല. വിവാഹമോചനത്തിനു വരെയാണ് അതു കാരണമായത്. വിവാഹമോചനത്തിനു ശേഷം സാന്പത്തികമായി ജെന്നി തകർന്നു. അവൾക്കു സ്വന്തം വീടുവരെ വിൽക്കേണ്ടി വന്നു.
അതിനൊക്കെ പുറമേ ശാരീരിക ബുദ്ധിമുട്ടുകളും. നെഞ്ചുവേദനയും കാലുവേദനയും ഇടയ്ക്കിടക്കു വരുന്ന തലവേദനയുമെല്ലാം അമിത ഭാരത്തിന്റെ ഫലമായി അനുഭവിച്ചിരുന്നു.
കുറച്ചു ദൂരം നടന്നാൽ ശ്വാസമുട്ടൽ കാരണം മുന്നോട്ടുനീങ്ങാൻ പറ്റാത്ത അവസ്ഥ. ആത്മവിശ്വാസം നഷ്ടപ്പെട്ട ജെന്നി ആളുകളെ കാണുന്നതും പുറത്തിറങ്ങുന്നതും വരെ ഒഴിവാക്കി.
ആവശ്യസാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയിരുന്നതു രാത്രി പത്തിനു ശേഷം മാത്രമായിരുന്നു. ആരുടെയും മുഖത്തു നോക്കാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല.
ഇടയ്ക്കൊക്കെ പബിൽ പോയിരുന്ന ജെന്നി ഒരു ദിവസം അവിടുത്തെ കൈപ്പിടിയുള്ള കസേരയിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ അമിതവണ്ണം കാരണം കസേരയിൽ ഇരിക്കാൻ സാധിക്കാതെ നാണംകെടേണ്ടി വന്നു.
ഇതെല്ലാം അവളെ മാനസിക സമ്മർദത്തിലേക്കു തളളിവിട്ടു.എല്ലാ പ്രശ്നങ്ങളിലും ആശ്വാസമായിരുന്നതു ഭക്ഷണമായിരുന്നു എന്നാണ് ജെന്നി പറയുന്നത്.അങ്ങനെ അമിതാഹാരം കൂടുതൽ പൊണ്ണത്തടിയിലേക്കാണ് എത്തിച്ചത്.
അവസാന ശ്രമം
ലോക്ക്ഡൗണ്‍ കാലത്ത് അവസാനശ്രമം എന്ന നിലയിലാണ് ജെന്നി അടുത്തുളള സ്ലിമ്മിംഗ് വേൾഡിൽ ചേർന്നത്. നിരന്തര പരിശ്രമത്തിലൂടെ പലതവണയായി 110 കിലോ ഭാരം അവൾ കുറച്ചു. അതു മാത്രമല്ല എല്ലാവരെയും ഞെട്ടിച്ചത്.
സ്ലിമ്മിംഗ് വേൾഡിന്റെ വുമണ്‍ ഓഫ് ദി ഇയറായും ജെന്നി തെരഞ്ഞെടുക്കപ്പെട്ടു.ജെന്നിയുടെ സഹോദരി ജാക്കിയും അമിതവണ്ണം മൂലം ബുദ്ധിമുട്ടിയിരുന്നു.
സഹോദരിക്കു മാനസിക പിന്തുണ നൽകാൻ വേണ്ടി മാത്രമാണ് താൻ ക്ലബിൽ ചേർന്നതെന്ന് ജെന്നി പറയുന്നു. എന്നാൽ, ജെന്നിയെ സഹായിക്കാൻ വേണ്ടിയാണ് താൻ ക്ലബിൽ ചേർന്നതെന്നു ജാക്കിയും പറയുന്നു.
എന്തായാലും ക്ലബിലെ നിയമങ്ങളനുസരിച്ചു ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യുവാനും ആരംഭിച്ചതോടെ ഇരുവരും മെലിഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ആത്മവിശ്വാസത്തോടെയും പുതുജീവിതം ആസ്വദിക്കുകയാണവർ.