2020 എന്ന വർഷം കടന്നുവന്നവർക്കറിയാം അത് എത്രമാത്രം വിഷമകരമായിരുന്നുവെന്ന്. കോവിഡ് 19 എന്ന ഭീകര വൈറസ് ലോകമെന്പടുമുള്ളവരുടെ ജീവിതാവസ്ഥകളെ തലകീഴായി മറിച്ചു.
ആ അവസ്ഥയെ എങ്ങനെയാണ് മറ്റുള്ളവർക്കു മനസിലാക്കിക്കൊടുക്കുക എന്നറിയില്ലെങ്കിൽ ഇതാ ഈ കുഞ്ഞുവാവയുടെ ഒരു ചിത്രം കൈയിൽ കരുതുന്നത് വളരെ നല്ലതായിരിക്കും. ആ മുഖത്തേക്കൊന്നു നോക്കു, എന്തൊരു ഭാവമാണ്. 2020ലെ ഒരു ശരാശരി മനുഷ്യന്റെ അവസ്ഥ വ്യക്തമാക്കാൻ ഇതിലും ഉചിതമായ ചിത്രം കിട്ടുമോ എന്ന കാര്യം സംശയമാണ്.
അവൾ ജേഴ്സി
ജേഴ്സി എന്നാണ് ഈ കുഞ്ഞിന്റെ പേര്. ചിത്രം പകർത്തിയത് രണ്ടു വർഷം മുൻപ് ലൻകാഷൈറിലെ റോയൽ പ്രെസ്റ്റൺ ആശുപത്രിയിൽ അവൾ ജനിച്ചയുടൻ. അമ്മ സ്റ്റേസി ലീമിംഗ്സിനെ സിസേറിയന് വിധേയയാക്കിയതാണോ അതോ ഭൂമിയിലേക്കുള്ള പ്രവേശനമാണോ ആൾക്ക് ഇഷ്ടപ്പെടാത്തതെന്ന് അറിയില്ല.
എന്തായാലും അമ്മയുടെ വയറിനുള്ളിൽനിന്നു കുഞ്ഞു ജേഴ്സി പുറത്തേക്കു വന്നതുതന്നെ ഈ ഭാവത്തോടെയാണ്.”മകൾ ജനിച്ചപ്പോളുണ്ടായ സന്തോഷം പോലെ തന്നെ ഞാൻ ആസ്വദിക്കുന്ന ഒന്നാണ് അവളുടെ ആദ്യ ചിത്രം.
അവളുടെ ഭാവം കണ്ടാൽ കോവിഡിനെക്കുറിച്ച് എന്തോ മുൻ ധാരണയുള്ളതുപോലെ തോന്നുന്നു. കാര്യങ്ങൾ ആകെ കുഴഞ്ഞല്ലോ എന്നൊരു ഭാവമാണ് അവളുടെ മുഖത്ത്.’ സ്റ്റേസി തുടർന്നു.
” എന്റെ മുപ്പത്താമത്തെ വയസിലാണ് ജേഴ്സി ജനിക്കുന്നത്. ഇപ്പോൾ അവൾക്കു രണ്ടു വയസായി. ലോകം മുഴുവൻ പലപല മാറ്റങ്ങളുണ്ടായിട്ടും അവളുടെ ഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.’
വീട്ടമ്മയായ സ്റ്റേസിക്ക് ജേഴ്സിയുൾപ്പെടെ നാലു മക്കളാണ്. പതിമൂന്നുകാരിയായ മാഡിസൺ ആണ് മൂത്തത്. ” പ്രസവത്തിനായി പറഞ്ഞിരുന്നതിനേക്കാൾ എട്ടാഴ്ച മുൻപ് തന്നെ അവളിങ്ങ് എത്തി.
മാഡിസൺ മാത്രമല്ല, ആദ്യത്തെ മൂന്നു പ്രസവവും അടിയന്തര ശസ്ത്രക്രിയയിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ജേഴ്സിയുടെ കാര്യത്തിൽ അങ്ങനെ ടെൻഷനടിക്കാൻ ഞാൻ തയാറായിരുന്നില്ല.
അവൾ എന്റെയുള്ളിൽ വളരുന്നു എന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് നിർബന്ധമായിരുന്നു ഈ ഒരു കുഞ്ഞിനെയെങ്കിലും അൽപം സമാധാനത്തോടെ പ്രസവിക്കണമെന്ന്.
വരവിനൊരുങ്ങി
പ്രസവതീയതി അടുത്തതോടെ ഞാൻ സൗന്ദര്യ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകി തുടങ്ങി. പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നത് എന്നറിയാവുന്നതുകൊണ്ട് ആ ദിവസങ്ങളിൽ ഞാൻ പിങ്ക് നിറത്തിലുള്ള നെയിൽപോളിഷ് ഇട്ടു.
മറ്റു കുട്ടികളുടെ കാര്യത്തിൽ ഇതൊന്നും സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ജേഴ്സിയെ ഗർഭം ധരിച്ച വിവരം ഞാൻ പുറത്താരോടും പറഞ്ഞിരുന്നില്ല.
എന്റെയും ഭർത്താവിന്റെയും മാതാപിതാക്കൾക്കു മാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ജേഴ്സിയുടെ വരവിനെക്കുറിച്ച് ഫേസ്ബുക്കിൽക്കുറിച്ചപ്പോൾ പലർക്കും വിശ്വസിക്കാനായില്ല.
എന്തുകൊണ്ടാണ് ഞാൻ ഇക്കാര്യം ആരോടും പറയാതിരുന്നത് എന്നു ചോദിച്ചാൽ വ്യക്തമായൊരു മറുപടി പറയാൻ എനിക്കാവില്ല. എന്തുകൊണ്ടോ ആരോടും പറയാൻ തോന്നിയില്ലെന്നു മാത്രം.
ജേഴ്സി വന്നപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു; അവൾക്കൊഴികേ.’ എന്തൊക്കെ പറഞ്ഞാലും അമ്മയെയും സഹോദരങ്ങളെയും സന്തോഷിപ്പിക്കാനുള്ള എന്തോ ഒരു വിദ്യ ജേഴ്സിയുടെ പക്കലുണ്ടെന്നും സ്റ്റേസി കൂട്ടിച്ചേർത്തു.