ചാത്തന്നൂർ : ബസിടിച്ച് പരിക്കേറ്റിട്ടും വേദനിക്കുന്ന കാലുമായി ജീബ്രു അച്ചടക്കമുള്ള കുട്ടിയായി നടക്കുകയാണ്. നടക്കുകയല്ല, മൂന്ന് കാലിൽ ചാടിച്ചാടി. അല്പ ദൂരം യാത്രയ്ക്ക് ശേഷം നില്ക്കും.
കുട്ടനാട്ടിൽ നിന്നുള്ള ശിവഗിരി തീർഥാടന പദയാത്ര സംഘത്തിനൊപ്പം വഴിയിൽ ഒപ്പം കൂടിയതാണ് ഈ നായയും. ഇപ്പോൾ പദയാത്ര സംഘത്തിന്റെ ഓമനയായി അവൻ മാറി.
അനുസരണയുള്ള കുട്ടിയായാണ് അവന്റെ പെരുമാറ്റം. ജീബ്രു എന്ന പേര് സമ്മാനിച്ചത് പോലും പദയാത്ര സംഘമാണ്.
കുട്ടനാട് മാമ്പുഴക്കരയിൽ നിന്നുള്ള തീർഥാടക പദയാത്രാ സംഘം പുറപ്പെട്ട് അഞ്ച് കിലോമീറ്റർ പിന്നിട്ട് കളങ്ങര എത്തിയപ്പോഴാണ് ഇവൻ പദയാത്രാ സംഘത്തോടൊപ്പം കൂടിയത്.
പിന്നെ ശിവഗിരിയിലേയ്ക്കുള്ള പദയാത്ര സംഘത്തിന്റെ ഭാഗം പോലെയായി.
സംഘാംഗങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കും. അവർ വിശ്രമിക്കുമ്പോൾ അവൻ വിശ്രമിക്കും. റോഡ് ഓരം ചേർന്ന് നടക്കും.
തെരുവ് പട്ടികളെ കണ്ടാൽ ശ്രദ്ധിക്കുക പോലുമില്ല. തെരുവ് പട്ടികൾ ആക്രമിക്കാനെത്തിയാൽ ജാഥാംഗങ്ങൾ അവയെ എറിഞ്ഞോടിച്ച് സുരക്ഷ നൽകും.
കഴിഞ്ഞ 26ന്എടത്വ കളങ്ങരയിൽ നിന്നും ആരംഭിച്ച പദയാത്ര 60 കിലോമീറ്ററിലേറെ പിന്നിട്ട് നീണ്ടകര എത്താറായപ്പോൾ റോഡ് കുറുകെ കടക്കുന്നതിനിടയിൽ ജീബ്രുവിനെ ബസിടിച്ചു.
എന്നിട്ടും പരിക്കേറ്റ കാലുമായി അവൻ ചാടിച്ചാടി യാത്ര തുടർന്നു. കൊല്ലത്തെത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ സന്തോഷ് സ്വാമി അവനെ തേവള്ളിയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു.
എക്സ്റേ എടുത്തപ്പോൾ എല്ലിന് പൊട്ടലോ ഒടിവോ ഇല്ല. ഇടതു കൈയിൽ ബാൻഡേജ് ഇട്ടു. പിന്നെ പേവിഷ പ്രതിരോധ കുത്തിവെയ്പും നടത്തി.
പിന്നെയും യാത്ര തുടർന്നു. പരിക്കേറ്റ കാലുമായി 30 ലേറെ കിലോമീറ്റർ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രിയിലെ വിശ്രമ കേന്ദ്രമായ ചാത്തന്നൂർ എസ് എൻ കോളേജിലെത്തി.
ജാഥാംഗങ്ങൾ ഇവനെ കുളിപ്പിക്കുകയും വേണ്ട പരിചരണം നടത്തുകയും ചെയ്യുന്നുണ്ട്. ജാഥയുടെ ഭാഗമായുള്ള രഥത്തിന് സമീപമാണ് വിശ്രമം.
നല്ല ഇണക്കവും അനുസരണയുമുള്ള ജീബ്രുവിനെ ഉപേക്ഷിക്കാൻ ജാഥാംഗങ്ങൾക്ക് കഴിയാത്ത അവസ്ഥയാണ്.