വാഷിംഗ്ടൺ ഡിസി: പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലപാടുകാരനായ ജിം ജോർഡാനെ അമേരിക്കൻ സ്പീക്കർ പദവിയിലേക്കു ശിപാർശ ചെയ്ത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം മികച്ച സ്പീക്കറായിരിക്കുമെന്നും തന്റെ പൂർണ പിന്തുണയുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
അന്പത്തൊന്പതുകാരനായ ജോർഡാൻ, അമേരിക്ക യുക്രെയ്നു സൈനികസഹായം നല്കുന്നതിനെ എതിർക്കുന്നയാളാണ്. പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്മെന്റ് അന്വേഷണത്തിനു നേതൃത്വം നല്കുന്നതും അദ്ദേഹമാണ്.
ഭരണ-പ്രതിപക്ഷ അഭിപ്രായവ്യത്യാസത്തിൽ ബജറ്റ് പാസാക്കാൻ കഴിയാത്തതിനാലുള്ള സർക്കാർ സ്തംഭനം ഒഴിവാക്കാനായി പ്രത്യേക ബിൽ അവതരിപ്പിച്ച മുൻ സ്പീക്കർ കെവിൻ മക്കാർത്തിയെ റിപ്പബ്ലിക്കൻ പാർട്ടിയിലെ വിമതവിഭാഗം വോട്ടെടുപ്പിലൂടെ പുറത്താക്കുകയായിരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ പുറത്താക്കപ്പെടുന്നത് ആദ്യമാണ്.
ഇടക്കാല സ്പീക്കറായി ചുമതലയേൽക്കാൻ തയാറാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. സഭയിൽ അംഗമല്ലാത്തയാൾക്കു സ്പീക്കറാകുന്നതിനു ഭരണഘടനാപരമായി വിലക്കില്ല. എന്നാൽ, ക്രിമിനൽ കേസുകൾ നേരിടുന്നതിനാൽ ട്രംപിന് സ്പീക്കറാകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.