ഈരാറ്റുപേട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നും 2,28,000 രൂപ തട്ടിയ കേസില്‍ ഇതരസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്ത് സ്വദേശിയായ നീരവ്കുമാര്‍ പട്ടേലിനെ (32)യാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ പലതവണകളിലായി പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശരാജ്യമായ സിംഗപ്പൂരില്‍ കാഷ്യര്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടില്‍നിന്നും പലതവണകളിലായി 2,28,000 രൂപ ഇവരില്‍നിന്ന് വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് ജോലി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ യുവതിയുടെ അക്കൗണ്ടില്‍നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ ഗുജറാത്തില്‍നിന്നു പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.