കൊച്ചി: ഇന്ധനവിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ നടന് ജോജു ജോര്‍ജുമായി ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അയയുന്നു.
ജോജുവിനെതിരേ തുടക്കത്തിൽ കടുത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാല്‍ ജോജുവല്ല വിഷയമെന്നാണ് ഇന്നലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പകരം പോലീസിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പോലീസ് നടപടികള്‍ക്കെതിരേ സമരം ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിനെതിരായ പ്രതിഷേധങ്ങൾ ചലച്ചിത്രമേഖലയോടു മൊത്തമായുള്ള പ്രതിഷേധമായി മാറിയത് പാര്‍ട്ടിക്ക് അവമതിപ്പ് സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് നിലപാട് മാറ്റം.
ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയതും കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ പരിധിയില്‍ സിനിമാ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ചലച്ചിത്രമേഖലയ്ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് കത്തയച്ചിരുന്നു.
ഇതേതുടര്‍ന്ന് ചലച്ചിത്രമേഖലയെ തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ ഉണ്ടാവില്ലെന്ന് സതീശൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജോജുവിനെതിരായ സമരം ചലച്ചിത്രമേഖലയ്ക്കെതിരായ പ്രതിഷേധമായി മാറരുതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നിര്‍ദേശിച്ചു.
ജോജു മദ്യപിച്ചിരുന്നുവെന്നും സമരത്തിനിടെ വനിതാ കോണ്‍ഗ്രസ് അംഗങ്ങളെ കൈയേറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി നല്കിയ പരാതികള്‍ പാളിപ്പോയതും പുനർവിചിന്തനത്തിന് ജില്ലാ നേതൃത്വത്തെ നിർബന്ധിതരാക്കി.
ജയറാമും മീരാ ജാസ്മിനും അഭിനയിക്കുന്ന സത്യന് അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന് അനുമതി നിഷേധിച്ചത്. ഷൂട്ടിംഗിന് പിന്നീട് അനുമതി നല്കി.
കുറ്റസമ്മതത്തിന് പോലീസ് ഭീഷണിപ്പെടുത്തി
കൊച്ചി: കോൺഗ്രസിന്റെ ഹൈവേ ഉപരോധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി.ജെ. ജോസഫിനെകൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ മരട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുന്‍ മേയര്‍ ടോണി ചമ്മണി.
ജോസഫ് അറസ്റ്റിലായശേഷം മരട് സ്റ്റേഷനിലേക്ക് ഒരു മന്ത്രി നേരിട്ടു വിളിച്ചുവെന്നും അതിനുശേഷമാണ് ജോസഫിനെതിരായ പോലീസിന്റെ ഭീഷണിയും മാനസിക പീഡനവും വര്‍ധിച്ചതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം ഇന്നലെ ഡിസിസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ടോണി ചമ്മണി പറഞ്ഞു.
രണ്ടു രാത്രിയും പകലും ജോസഫിനൊപ്പം താന്‍ ജയിലിലുണ്ടായിരുന്നു. മാനസികമായി വളരെ തകര്‍ന്ന നിലയിലാണ് അദ്ദേഹം.
സഹതടവുകാരോട് മിണ്ടാന്‍പോലും തയാറാകുന്നില്ല. ഇതൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. ജാമ്യം ലഭിച്ച് അദ്ദേഹം പുറത്തുവരുമ്പോള്‍ പോലീസ് അതിക്രമത്തിനെതിരേ നിയമപരമായി പോരാടും.
ജോസഫിനെ ഭീഷണിപ്പെടുത്തി ഈ അവസ്ഥയിലെത്തിച്ചതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. താന്‍ ഉള്‍പ്പെടെ അറസ്റ്റിലായ മറ്റു കോണ്‍ഗ്രസുകാരോട് പോലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ടോണി ചമ്മണി പറഞ്ഞു.
സമരത്തിനിടെ വനിതകളോട് മോശമായി പെരുമാറിയപ്പോള്‍ കയര്‍ത്തു സംസാരിക്കുക മാത്രമാണ് ചെയ്തത്. ജോജുവിന്റെ കാര്‍ തകര്‍ത്തതില്‍ പങ്കില്ല.
ഉണ്ടെന്നു തെളിയിച്ചാല്‍ 34 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അപമാനിച്ചതിന് മാനനഷ്ടക്കേസ് നല്‍കും.
വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വനിതാ പോലീസ് അന്വേഷണം നടത്തണം. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ടോണി ചമ്മണി പറഞ്ഞു.
ഭരണാധികാരികളുടെയും സിപിഎമ്മിന്റെയും പിണിയാളുകളായി സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ മാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ സിനിമാവ്യവസായത്തിനെതിരാണെന്ന പ്രചാരണം നടത്താന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണമായി മാത്രമേ കാണാന്‍ കഴിയൂ.
റോഡുപരോധം തെറ്റായ സമരമാര്ഗമാണെങ്കില് വഴി അടച്ച് ഷൂട്ടിംഗ് നടത്തുന്നത് ശരിയാണോയെന്നും ജോജു ജോര്‍ജ് പറയണമെന്നും അദ്ദേഹം പറഞ്ഞു.