തലനാട്: ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയമാണ് എൽഡിഎഫിനുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക സുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്കായുള്ള സമഗ്ര കരുതലുമാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും ജോസ് കെ.മാണി പറഞ്ഞു.
പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയം വികസന സന്ദേശ പദയാത്ര പരിപാടികളുടെ തലനാട്ടിൽ നടന്ന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യങ്ങൾ ലഭ്യമാക്കി മലയോരത്തും ജനവാസം സുരക്ഷിതമായ രീതിയിൽ സാധ്യമാക്കുന്ന വികസനം ഉറപ്പു വരുത്തും. പ്രാദേശിക വരുമാനം വർധിപ്പിക്കുന്നതിനു ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഇതിനായി ചർച്ചകൾ നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിയെ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നു സ്വീകരിച്ചു.
മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവുംപാറ എന്നിവിടങ്ങളിൽ കോർണർ യോഗങ്ങൾ നടന്നു. കോർണർ യോഗം പി.എസ്.ബാബു ഉദ്ഘാടനം ചെയ്തു.
രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വൈകുന്നേരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നും ബാലവാടിയിലേക്ക് പദയാത്ര നടത്തി. സമാപന സമ്മേളനം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
എം.ജി.ശേഖരൻ അധ്യക്ഷത വഹിച്ചു. പ്രഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൻ, ജോണി ആലാനി, വൈ.എ. സലിം അഡ്വ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.