തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ ജംബോ പട്ടിക പറ്റില്ലെന്ന് ഹൈക്കമാൻഡ് കട്ടായം പറഞ്ഞതോടെ ജനപ്രതിനിധികളായ നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാടുമായി രംഗത്തെത്തി.
വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് വി.ഡി.സതീശനും വൈസ് പ്രസിഡന്റ് പദവി വേണ്ടെന്ന് ടി.എൻ.പ്രതാപനും എ.പി.അനിൽകുമാറും ഹൈക്കമാൻഡിനെ അറിയിച്ചു. സതീശനും അനിൽകുമാറും നിലവിൽ എംഎൽഎമാരും പ്രതാപൻ എംപിയുമാണ്.
പാർട്ടി ഭാരവാഹിത്വം വേണ്ടെന്ന് വ്യക്തമാക്കിയ നേതാക്കൾ ജംബോ പട്ടിക അംഗീകരിക്കരുതെന്നും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ജംബോ ഭാരവാഹിപട്ടിക പൊതുജനമധ്യത്തിൽ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുമെന്നാണ് സതീശന്റെ നിലപാട്.
നേരത്തെ എ-ഐ ഗ്രൂപ്പുകളുടെ പിടിവാശി മൂലം ജംബോ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ചെറിയ സംസ്ഥാനമായ കേരളത്തിൽ ഇത്രയും ഭാരവാഹികളെ കുത്തിനിറച്ച് ഭാരവാഹി പട്ടിക ആവശ്യമുണ്ടോ എന്ന് ഹൈക്കമാൻഡ് ആരാഞ്ഞു.
ജനപ്രതിനിധികളെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കി പട്ടിക ചുരുക്കാനും ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ഇതോടെയാണ് നേതാക്കളിൽ ചിലർ സ്വയം മാറിനിൽക്കാൻ തീരുമാനിച്ച് രംഗത്തെത്തിയത്.