തിരുവനന്തപുരം: പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാൽ നശിക്കുന്നതല്ല കോൺഗ്രസ് പാർട്ടിയെന്നും ശക്തമായി തിരിച്ചുവരുമെന്നും കെ. മുരളീധരൻ എംപി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾക്കും സന്തോഷമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയും മുരളീധരൻ വിമർശനം നടത്തി. തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. സമുദായ സംഘടനകൾക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്.
എന്നാൽ വിമർശിക്കുന്നവരെ കല്ലെറിയുന്ന സമീപനമാണ് സിപിഎം വച്ചു പുലർത്തുന്നത്. ബംഗാളിലെ ഫലമെന്തായെന്നും മുരളീധരൻ ചോദിച്ചു.കോൺഗ്രസിനെ തകർക്കാൻ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ്ഡിപിഐയെക്കൊണ്ട് സിപിഎം പ്രചാരണം നടത്തി.
എന്നാൽ ബിജെപി വാർഡുകളിൽ പോലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കി. വട്ടിയൂര്‍കാവിൽ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല.
അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോൺഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ പ്രതിസന്ധി പാർട്ടി നേരിട്ടിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.