ചാത്തന്നൂർ: കെസ്വിഫ്റ്റിന്റെ ബസുകൾക്കുള്ളിൽ ഇനി പരസ്യം പതിപ്പിക്കാം. വരുമാന വർദ്ധനയ്ക്ക് വേണ്ടിയാണ് പരസ്യത്തിന് അനുമതി നല്കുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്. കെ എസ് ആർടിസിയ്ക്ക് വേണ്ടി കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് സർവീസ് നടത്തുന്നതാണ് കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ ബസുകൾ.
കെ സ്വിഫ്റ്റിന്റെ 151 സൂപ്പർഫാസ്റ്റ് ബസുകളിലെയും 88 ഡീലക്സ് ബസുകളിലെയും 165 ഇലക്ട്രിക് ബസുകളിലെയും സീറ്റുകൾക്ക് പുറകിലും ഹാംഗർ സ്ട്രാപ്പിലുമാണ് പരസ്യം ചെയ്യുന്നതിന് അനുമതി നല്കുന്നത്. ബസിൻ്റെ പുറത്ത് പരസ്യം അനുവദിക്കില്ല. പരസ്യം ചെയ്യാൻതാല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കെ സ്വിഫ്റ്റുമായി ബന്ധപ്പെടാം.
സംസ്ഥാനത്തിനകത്തും പുറത്തുമായി സർവീസ് നടത്തുന്ന സിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ്, ഡീലക്സ് ബസുകളിൽ പ്രതിദിനം 40,000 ത്തോളം പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇല്ക്ട്രിക് ബസുകളിൽ പ്രതിദിനം 80,000 ത്തോളം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്.
സീറ്റിൻന്റെ പിറക് വശത്തിന്റെ വലിപ്പത്തിലും ഹാംഗർ സ്ട്രാപ്പിന്റെ വലിപ്പത്തിലുമായിരിക്കണം പരസ്യം. കെ സ്വിഫ്റ്റിന്റെ ഈ മാതൃക കെ എസ് ആർ ടി സിയും അനുകരിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ കെ എസ് ആർടിസി ബസുകളുടെ പുറത്തുള്ള മൂന്ന് വശങ്ങളിലാണ് പരസ്യം അനുവദിച്ചിട്ടുള്ളത്.
പ്രദീപ് ചാത്തന്നൂർ