തിരുവനന്തപുരം: കണിയാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെ ത്തി. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്.
കഠിനംകുളം പടിഞ്ഞാറ്റ്മുക്ക് കൊന്പരമുക്കിന് സമീപം കാർത്തികയിൽ രമേശൻ (48), ഭാര്യ സുലജകുമാരി (47), മകൾ രേഷ്മ (23) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രി 11.45 -ഓടെയായിരുന്നു സംഭവം.
സുലജയുടെ മാതാപിതാക്കൾ വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു. രമേശന്റെ കിടപ്പുമുറിയിൽനിന്നു തീയും പുകയും ശബ്ദവും കേട്ട് വീട്ടിലുണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി.
കിടപ്പുമുറിയിലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് മുറി ചവിട്ടി തുറന്നെങ്കിലും മൂന്ന് പേരുടെയും ശരീരം കത്തിയമർന്നിരുന്നു. രാത്രിയിൽ പോലീസ് മുറി പൂട്ടി സീൽ ചെയ്തു.
ഇന്ന് രാവിലെ മുറി പോലീസ് സംഘം പരിശോധിച്ചപ്പോൾ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യകുറിപ്പിൽ വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് വിദേശത്തായിരുന്ന രമേശൻ നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്ത് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. രമേശന്റെ മകൻ രോഹിത്ത് സംഭവം നടക്കുന്പോൾ വീട്ടിൽ ഇല്ലായിരുന്നു.
ക്ഷേത്രത്തിൽ ചെണ്ട മേളപരിപാടിക്ക് പോയിരുന്നു. രമേശന്റെ മകൾ രേഷ്മ പിഎസ് സി കോച്ചിംഗിന് പഠിക്കുകയായിരുന്നു. രമേശൻ പലരിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു.
വീടും പുരയിടവും വിൽപ്പന നടത്തി കടം വീട്ടാനായിരുന്നു രമേശനും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാൽ പലിശയ്ക്ക് പണം വാങ്ങിയ രണ്ട് പേർ വീടും വസ്തുവും ജപ്തി ചെയ്തിരുന്നു.
ലോണെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.
ആത്മഹത്യാകുറിപ്പിൽ രമേശൻ പണം നൽകാനുള്ളവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ പേരിലുള്ള വസ്തു വകകൾ വിറ്റ് കടം വീട്ടണമെന്ന് ആത്മഹത്യാകുറിപ്പിലുണ്ടെന്നു പോലീസ് പറയുന്നു. കഠിനംകുളം പോലീസും ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.
ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.