തലയോലപ്പറന്പ്: വീടിന്റെ ടെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം യുവതി ഫോണിൽ പോലീസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലീസ് മിനിട്ടുകൾക്കകം മോഷ്ടാവിനെ സാഹസികമായി പിടികൂടി.
വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസ (32 ) നെയാണ് പിടികൂടിയത്.
തലയോലപറന്പ്, വെള്ളൂർ എസ്ഐമാരായ ജയ്മോൻ, കെ.സജി, സിപിഒമാരായ വിപിൻ, പി.എസ്. രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ, സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ പുലർച്ചെ 1.30നു വീടിന്റെ ടെറസിൽ നൈറ്റി ധരിച്ച് ഒരാൾ നിൽക്കുന്നത് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടെ മാത്യുവിന്റെ മകൾ സോണിയയാണ് യാദൃശ്ചികമായി മൊബൈലിൽ കണ്ടത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സോണിയായുടെ മൊബൈലിൽ കാണുന്ന രീതിയിലുള്ള ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സോണിയ ഉടൻ തലയോലപ്പറന്പ് എസ്ഐ ജയ്മോനെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു.
സ്വന്തം സ്റ്റേഷൻ പരിധിയല്ലാതിരുന്നിട്ടും ജയ്മോൻ ഉടൻ സഹപ്രവർത്തകരെയും കൂട്ടി ജീപ്പിൽ പ്ലാംചുവട്ടിലേക്കു പാഞ്ഞു.
യാത്രാമധ്യേ വെള്ളൂർ എസ്ഐ കെ. സജിയെയും വിവരമറിയിച്ചു. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരുസ്റ്റേഷനുകളിലെയും പോലീസെത്തി വീടുവളഞ്ഞു.
എസ്ഐമാർ മതിൽ ചാടിക്കടന്ന് ടെറസിലെത്തിയപ്പോൾ അപകടം മണത്ത മോഷ്ടാവ് താഴേക്കു കുതിച്ചു.
സമീപ പുരയിടങ്ങളിലൂടെ ഓടി അരക്കിലോമീറ്ററോളം പോലീസിനെ വട്ടംചുറ്റിച്ച മോഷ്ടാവിനെ പിന്തുടർന്ന് സാഹസികമായി കീഴ്പ്പെടുത്തി.
ഏതാനും വർഷങ്ങൾക്കു മുന്പുവരെ കീഴൂരിൽ താമസിച്ചിരുന്ന റോബിൻസണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു.
സാന്പത്തികമായി ഭേദപ്പെട്ട നിലയിൽ കഴിയുന്ന വയോഗതർ മാത്രം താമസിക്കുന്ന വീട് മോഷണത്തിനായി തെരഞ്ഞെടുത്തതും സ്ഥല പരിചയമുള്ളതിനാലായിരുന്നു.
വയോഗതരായ മാതാപിതാക്കളുടെ സുരക്ഷയെക്കരുതിയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണുമായി സോണിയ ബന്ധിപ്പിച്ചത്.
മാതാപിതാക്കളെ തുടർച്ചയായി വിളിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഇടയ്ക്കു പരിശോധിക്കുകയും ചെയ്തിരുന്ന സോണിയയുടെ പക്കൽ തലയോലപ്പറന്പ്, വെള്ളൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ് നന്പറുകളും ഉണ്ടായിരുന്നതാണ് തുണയായത്. കോടതിയിൽ ഹാജരാക്കിയ മോഷ്ടാവിനെ റിമാൻഡ് ചെയ്തു.
തലയോലപ്പറന്പ്, വെള്ളൂർ പ്രദേശങ്ങളിൽ മുന്പ് നടന്ന മോഷണങ്ങളുമായി റോബിൻസണു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും വെള്ളൂർ എസ്എച്ച്ഒ എ. പ്രസാദ് പറഞ്ഞു.