കാട്ടാക്കട : പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് വി. സുരേഷ് കുമാർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ.
സുരേഷ്കുമാർ മലയിൻകീഴ് ഗോവിന്ദമംഗലം സ്വദേശിയാണ്. നാട്ടിൽ അധികം സാന്നിധ്യമില്ല. പത്തു വർഷമായി വീട് പണി നടക്കുന്നുണ്ടെങ്കിലും സുരേഷ്കുമാർ നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണെന്ന് നാട്ടുകാർ പറയുന്നു.
ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്റെ വീട്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.
വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്. ആരോടും ഇടപഴകാറില്ലെന്നും നാട്ടുകാർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു.
രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും സുരേഷിനെതിരെ ഇല്ല. ആളുകളുമായി വലിയ രീതിയിൽ ഇടപഴകിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പണം ചെലവഴിക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നതായും അടുപ്പമുള്ളവർ പറയുന്നു.
കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സ്ഥിരമായി വൃത്തിയാക്കാത്തതിനാൽ മുറ്റത്ത് പുല്ല് വളർന്നിരുന്നു.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽനിന്നാണ് വിജിലൻസിന് താക്കോൽ ലഭിച്ചത്.1500 ചതുരശ്ര അടിയിൽ താഴെയുള്ള സാധാരണ വീടാണ് സുരേഷ് കുമാറിന്റേത്. പത്തു വർഷമായി പണി നടക്കുന്നു. തറയുടെ പണിയും മറ്റ് അനുബന്ധ പണികളും ബാക്കിയാണ്.
ഗോവിന്ദമംഗലത്ത് എത്തിയ വിജിലൻസ് സംഘത്തിന് സിഐ സനൽകുമാർ നേതൃത്വം നൽകി. കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ വി.സുരേഷ് കുമാർ പാലക്കാട് വിജിലൻസ് പിടിയിലാകുന്നത്.
മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.
മണ്ണാർക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷംരൂപ പണമായും 45 ലക്ഷംരൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.