കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ചന്ദ്രന്-ഓമന ദമ്പതികളുടെ മകന് ഗോകുലിന്റെ(18) മരണം വിവാദമായ സാഹചര്യത്തിലാണു തീരുമാനം.
ഇന്നലെ രാവിലെയാണ് ഗോകുലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ശുചിമുറിയിലെ ഷവറില്‍ ഷര്‍ട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒ, എസ്ഐ എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. പോലീസ് സ്റ്റേഷനില്‍വച്ചാണ് മരണം സംഭവിച്ചതെന്നതിനാല്‍ കസ്റ്റഡി മരണമായാണു പരിഗണിക്കുക. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോഴിക്കോട്ടുവച്ച് വനിതാ സെല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാത്രി കണ്ടെത്തി കല്‍പ്പറ്റ പോലീസിനു കൈമാറി.
രാത്രി വൈകി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയെ ‘സഖി’യിലേക്കു മാറ്റി. യുവാവിനെ സ്റ്റേഷനില്‍ നിര്‍ത്തി. രാവിലെ 7.45ന് ശുചിമുറിയില്‍ പോയ യുവാവ് പത്തു മിനിറ്റായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്.